കലയുടെ കൊലപാതകം: അനിലിനെതിരെ വാറണ്ട്

ആലപ്പുഴ: മാന്നാർ കല കൊലക്കേസിൽ ഭർത്താവും ഒന്നാം പ്രതിയുമായ അനിലിനെതിരെ ചെങ്ങന്നൂർ ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഓപ്പൺ വാറണ്ട് പുറപ്പെടുവിച്ചു. ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. കഴിഞ്ഞ വെള്ളിയാഴ്ച പബ്ളിക് പ്രോസിക്യൂട്ടർ മുഖേന പൊലീസ് സമർപ്പിച്ച അപേക്ഷയിലാണ് നടപടി.
അനിലിന്റെ പാസ്‌പോർട്ട് നമ്പരും വിലാസവും സ്‌പോൺസറുടെയും കമ്പനിയുടെയും വിശദാംശങ്ങളുമുൾപ്പെട്ട വാറണ്ട് അന്വേഷണ ഉദ്യോഗസ്ഥനായ മാന്നാർ സി.ഐയ്ക്ക് കൈമാറി. അടുത്തഘട്ടത്തിൽ ഓപ്പൺ വാറണ്ട് പൊലീസ് ആസ്ഥാനംവഴി ക്രൈംബ്രാഞ്ചിലൂടെ സി.ബി.ഐയ്ക്ക് കൈമാറും. തുടർന്ന് സി.ബി.ഐ ഡൽഹി ഓഫീസിലെ ഇന്റർപോൾ വിഭാഗം അനിലിനെതിരെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഒപ്പം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എമിഗ്രേഷൻ വിഭാഗം മുഖേന എംബസികൾക്കും വിമാനത്താവളങ്ങൾക്കും കൈമാറും. അനിൽ ഇസ്രയേലിൽ നിന്ന് മറ്റെവിടേക്കെങ്കിലും കടക്കുന്നത് തടയാൻ ഇതുവഴി സാധിക്കും.
വീട്ടുകാരെയും ബന്ധുക്കളെയും സമ്മർദ്ദത്തിലാക്കി അനിലിനെ സ്വമേധയാ നാട്ടിലേക്ക് വരുത്താനുള്ള അവസരമുണ്ടാക്കാനും അന്വേഷണസംഘം പരിശ്രമിക്കുന്നുണ്ട്.
Source link