തൃശൂർ: തേക്കിൻകാട് മൈതാനിയിൽ ആവേശം മോഡൽ പാർട്ടിക്ക് ഒരുങ്ങിയ ഗുണ്ടാസംഘത്തിന്റെ നീക്കം പൊളിച്ചതോടെ, പൊലീസ് സ്റ്റേഷനും കമ്മിഷണർ ഓഫീസിനും ഗുണ്ടാ നേതാവിന്റെ ബോംബ് ഭീഷണി. ഇന്നലെ പുലർച്ചെയാണ് ഗുണ്ടാ നേതാവായ തീക്കാറ്റ് സാജൻ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷനും തൊട്ടടുത്തുള്ള സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനും ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
ഈസ്റ്റ് സ്റ്റേഷനിലേക്കാണെന്ന് കരുതി വിളിച്ചത് വെസ്റ്റിലേക്കായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഫോൺ സന്ദേശം വന്ന ഉടനെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിടി കൂടാനായില്ല.ഞായറാഴ്ച്ചയാണ് തേക്കിൻകാട് മൈതാനിയിൽ ആവേശം മോഡലിൽ പിറന്നാൾ പാർട്ടി ആഘോഷത്തിന് ഒരുക്കം നടത്തിയത്. എന്നാൽ പൊലീസ് രഹസ്യാന്വോഷണ വിഭാഗം മണത്തറിഞ്ഞു. തുടർന്ന് പ്രായപൂർത്തിയാകാത്ത 17 പേരടക്കം 32 പേരെ പിടികൂടി. പിറന്നാൾ മുറിക്കാനായി കേക്കും തയ്യാറാക്കി വച്ചിരുന്നു.
നാല് വാഹനങ്ങളിലായി പൊലീസ് പാർട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടിച്ചു.
വാട്‌സ് ആപ്പ് , ഇൻസ്റ്റഗ്രാം
ഗ്രൂപ്പിലൂടെ റിക്രൂട്ട്‌മെന്റ്
തന്റെ നേതൃത്വത്തിൽ പുതിയ ഗുണ്ടാസംഘം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സാജന്റെ ബർത്ത് ഡേ പാർട്ടിയെന്നാണ് വിവരം. വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇതിനായി നിരവധി പേരെ ചേർത്തു. തങ്ങളുടെ വീര പരിവേഷം കാട്ടി ആകർഷിച്ചാണ് തേക്കിൻകാട്ടിലേക്ക് വരുത്തിയതെന്ന് പറയുന്നു. ഇതിൽ 15 വയസുള്ള വിദ്യാർത്ഥികൾ വരെയുണ്ടായിരുന്നു. പലരും തങ്ങളെ കസ്റ്റഡിയിലെടുക്കുന്നത് വരെ വീഡിയോ എടുക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇത് റീൽസായി പുറത്തിറക്കുകയായിരുന്നു ലക്ഷ്യം.
Source link