ഇന്തോനേഷ്യയിൽ മണ്ണിടിച്ചിൽ; 12 പേർ മരിച്ചു
ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെത്തുടർന്ന് അനധികൃത സ്വർണഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേർ മരിച്ചു. 19 പേരെ കാണാതായി. സുലവേസി ദ്വീപിലെ ഗൊറോണ്ടലോ പ്രവിശ്യയിലുള്ള ബോൺ ബൊലാംഗോയിലായിരുന്നു അപകടം. 35ഓളം ഗ്രാമവാസികൾ പരമ്പരാഗത സ്വർണഖനിയിൽ പണിയെടുക്കുന്നതിനിടെ സമീപത്തെ കുന്നുകളിൽനിന്നു മണ്ണിടിഞ്ഞുവീഴുകയായിരുന്നു. അഞ്ചു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച 11 മൃതദേഹങ്ങൾ ഖനിക്കുള്ളിൽനിന്നു കണ്ടെടുത്തു. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ചയുണ്ടായ അപകടത്തിൽ കനത്ത മഴ രക്ഷാപ്രവർത്തനത്തെ വൈകിപ്പിച്ചു. ശനിയാഴ്ച മുതൽ പ്രദേശത്ത് പെയ്യുന്ന പേമാരിയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായി. ബോൺ ബലാങ്കോയിൽ അഞ്ച് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. മുന്നൂറോളം വീടുകളെ പ്രളയം ബാധിച്ചു. 1000 ത്തിലധികം ആളുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറി.
Source link