കീവ്: യുക്രെയ്നിൽ വിവിധയിടങ്ങളിൽ റഷ്യൻ സേന നടത്തിയ മിസൈലാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 154 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ കീവിലെ കുട്ടികളുടെ ആശുപത്രിയും ആക്രമിക്കപ്പെട്ടു. നാൽപ്പതിലേറെ മിസൈലുകളാണ് അഞ്ചു യുക്രെയ്ൻ നഗരങ്ങളിലേക്ക് റഷ്യൻസേന തൊടുത്തത്. പാർപ്പിട സമുച്ചയങ്ങളിലും സർക്കാർ ഓഫീസുകളിലും മിസൈലുകൾ പതിച്ചു. 30 മിസൈലുകൾ യുക്രെയ്ൻ വ്യോമസേന തകർത്തു. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ജന്മദേശമായ ക്രിവി റിഹിൽ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 47 പേർക്കു പരിക്കേറ്റു. കീവിലെ, കുട്ടികളുടെ ആശുപത്രിക്കു നേർക്കുണ്ടായ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. ഏഴു കുട്ടികളടക്കം 16 പേർക്കു പരിക്കേറ്റു. കീവിലെ, കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിയാണിത്. ആശുപത്രിക്കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി. നിരവധി കുട്ടികളെ കാണാതായിട്ടുണ്ട്. ആശുപത്രിക്കു നേർക്കുണ്ടായ ആക്രമണത്തെ പാശ്ചാത്യരാജ്യങ്ങൾ അപലപിച്ചു.
Source link