ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് പോയെന്ന് വിലയിരുത്തൽ
കൊച്ചി: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി യു.ഡി.എഫിന് വോട്ടു ചെയ്തതാണ് കേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന് സി.പി.എം ഏരിയാ കമ്മിറ്റികളുടെയും ലോക്കൽ കമ്മിറ്റികളുടെയും യോഗത്തിൽ വിലയിരുത്തൽ. കേന്ദ്രകമ്മിറ്റി അംഗവും വ്യവസായമന്ത്രിയുമായ പി.രാജീവാണ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിൽ പ്രധാനമായും സംസാരിച്ചത്.
എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ എറണാകുളം, തൃക്കാക്കര, പറവൂർ, കൊച്ചി, വൈപ്പിൻ, തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റികളിലെ സെക്രട്ടറിമാരും അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും അംഗങ്ങളുമാണ് പങ്കെടുത്തത്. വരുംദിനങ്ങളിൽ ലോക്കൽ കമ്മിറ്റികളുടെ ജനറൽ ബോഡി വിളിച്ച് കേന്ദ്ര റിപ്പോർട്ട് ചർച്ച ചെയ്യും. തുടർന്ന് ബ്രാഞ്ച് കമ്മിറ്റികളിലാകും റിപ്പോർട്ടിന്മേൽ ചർച്ച നടക്കുക.
കേരളത്തിന് സമാനമായ സാഹചര്യം തന്നെയാണ് പശ്ചിമ ബംഗാളിലും പ്രതിഫലിച്ചത്. കേരളത്തിൽ വിജയിച്ച ആലത്തൂരിലടക്കം പാർട്ടിക്ക് വോട്ടു കുറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പിക്ക് വോട്ടുകൂടുകയും ചെയ്തെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.സ്വരാജും റിപ്പോർട്ടിംഗിൽ പങ്കെടുത്തു.
Source link