ദന്ത പരിശോധനയുടെ അഭാവം; ഇന്ത്യയില്‍ വായിലെ അര്‍ബുദ കേസുകള്‍ ഉയരുന്നു


നാക്ക്‌, വായുടെ കീഴ്‌ഭാഗം, അണ്ണാക്ക്‌, കവിളുകള്‍, മോണ, ചുണ്ട്‌ എന്നിവയില്‍ വരുന്ന അര്‍ബുദത്തെയാണ്‌ പൊതുവേ ഓറല്‍ കാന്‍സര്‍ എന്ന്‌ വിളിക്കുന്നത്‌. ലോകാരോഗ്യ സംഘടനയുടെ കണക്ക്‌ പ്രകാരം 2020ല്‍ പുതുതായി 3.5 ലക്ഷം പേര്‍ക്ക്‌ വായിലെ അര്‍ബുദം ഉണ്ടാകുകയും 1.7 ലക്ഷം പേര്‍ ഇത്‌ മൂലം മരണപ്പെടുകയും ചെയ്‌തു.

ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയില്‍ വായിലെ അര്‍ബുദ കേസുകളുടെ എണ്ണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ആകെ ഓറല്‍ കാന്‍സര്‍ കേസുകളുടെ മൂന്നിലൊന്നും ഇന്ത്യയിലെ പുരുഷന്മാരിലാണ്‌ സംഭവിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.

Representative image. Photo Credit: ozgurdonmaz/istockphoto.com

പുകവലി, മദ്യപാനം, എച്ച്‌പിവി വൈറസ്‌, പോഷണക്കുറവ്‌ എന്നിവയാണ്‌ ഇന്ത്യയിലെ പുരുഷന്മാരില്‍ ഓറല്‍ കാന്‍സര്‍ നിരക്ക്‌ ഉയരാനുള്ള മറ്റ്‌ കാരണങ്ങള്‍. പുകയില ഉപയോഗത്തില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ്‌ ഇന്ത്യ. മുന്‍പ്‌ വായിലെ അര്‍ബുദം ബാധിക്കുന്നവര്‍ പലരും 40കളില്‍ ഉള്ളവരായിരുന്നെങ്കില്‍ ഇന്ന്‌ 20കളിലും 30കളിലുമുള്ള യുവാക്കള്‍ക്ക്‌ ഓറല്‍ കാന്‍സര്‍ വരുന്ന സാഹചര്യമുണ്ട്‌. ഗുട്‌ക, ഖൈനി, വെറ്റിലപാക്ക്‌, സര്‍ദ, ബീഡി, സിഗരറ്റ്‌, ഹുക്ക എന്നിങ്ങനെ പുകയിലയുടെ പല വകഭേദങ്ങള്‍ 80 ശതമാനം ഓറല്‍ കാന്‍സര്‍ കേസുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

അന്‍പതിലധികം രാസവസ്‌തുക്കള്‍ അടങ്ങിയ പുകയിലെ ഏത്‌ രൂപത്തില്‍ ശരീരത്തിലെത്തിയാലും ഇത്‌ വായ്‌ക്കുള്ളിലെ കോശങ്ങളുടെ ഡിഎന്‍എ ഘടനയെ മാറ്റി മറിച്ച്‌ അര്‍ബുദം പോലുള്ള രോഗങ്ങളിലേക്ക്‌ നയിക്കുന്നു. ഇത്തരത്തില്‍ വ്യതിയാനം സംഭവിക്കുന്ന ഡിഎന്‍എ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയ്‌ക്ക്‌ കാരണമാകുന്നു.

മദ്യപാനം പലപ്പോഴും കരള്‍ രോഗങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌ നാം ചര്‍ച്ച ചെയ്യാറുള്ളത്‌. എന്നാല്‍ പുകയില പോലെ വായിലെ അര്‍ബുദത്തിന്റെ സാധ്യതയും മദ്യപാനം വര്‍ദ്ധിപ്പിക്കുന്നു. യോനി, ലിംഗം, ഗര്‍ഭാശയമുഖം, മലദ്വാരം, വായ എന്നിവിടങ്ങളില്‍ അര്‍ബുദത്തിന്‌ കാരണമാകാന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ അണുബാധ കാരണമാകാം. നിര്‍ണ്ണയിക്കപ്പെടുന്ന ഓറല്‍ കാന്‍സര്‍ കേസുകളില്‍ 50 ശതമാനത്തിലധികം എച്ച്‌പിവി 16 വൈറസായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവരിലും ഓറല്‍ സെക്‌സ്‌ ചെയ്യുന്നവരിലും ഇത്തരം അര്‍ബുദത്തിനുള്ള സാധ്യത അധികമാണ്‌. പുകവലിയും മദ്യപാനവുമായി ബന്ധപ്പെട്ട ഓറല്‍ കാന്‍സറിനെ അപേക്ഷിച്ച്‌ എച്ച്‌പിവി വൈറസ്‌ മൂലമുള്ള അര്‍ബുദത്തിന്റെ രോഗമുക്തി നിരക്ക്‌ ഉയര്‍ന്നതാണെന്ന വ്യത്യാസമുണ്ട്‌.

Representative image. Photo Credit: golubovy/istockphoto.com

പച്ചിലകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കാതിരിക്കുന്നതും വായിലെ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ ഓറല്‍ കാന്‍സര്‍ രോഗികളില്‍ 99 ശതമാനത്തിനും കുറഞ്ഞ ബോഡി മാസ്‌ ഇന്‍ഡെക്‌സ്‌ ഉള്ളവരായിരുന്നു എന്ന്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പോഷണമില്ലായ്‌മ ഈ അര്‍ബുദത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്‌. ഡിസ്‌കെരാറ്റോസിസ്‌ കണ്‍ജെനിറ്റ, ഫാന്‍കോണിയ അനീമിയ പോലുള്ള ചില ജനിതക രോഗങ്ങളും വായിലെ അര്‍ബുദ സാധ്യതയേറ്റുന്നു.

വായിലും തൊണ്ടയിലും തുടര്‍ച്ചയായ വേദന, ഭക്ഷണം ചവയ്‌ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ട്‌, ചുണ്ടിലും നാക്കിലും തൊണ്ടയിലും കവളിനുള്ളിലും നീര്‍ക്കെട്ട്‌, കുരുക്കള്‍, നാക്കിനോ വായ്‌ക്കോ മരവിപ്പ്‌, നാക്കിലും കവിളിനുള്ളിലും വെളുത്തതോ ചുവന്നതോ ആയ പാടുകള്‍, ദീര്‍ഘകാലമായുള്ള വായ്‌നാറ്റം, ഇളകിയ പല്ലുകള്‍, കാതിനും താടിക്കും വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഉടനടി ദന്തരോഗ വിദഗ്‌ധനെ കണ്ട്‌ ചികിത്സ തേടേണ്ടത്‌ അര്‍ബുദത്തിലേക്ക്‌ നയിക്കാതിരിക്കാന്‍ സഹായിക്കും.
ഇന്ത്യക്കാരില്‍ 20 മുതല്‍ 30 ശതമാനം പേര്‍ മാത്രമാണ്‌ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ദന്താരോഗ്യ വിദഗ്‌ധനെ കാണാന്‍ പോകാറുള്ളതെന്ന്‌ ചില പഠനങ്ങള്‍ പറയുന്നു. എന്തെങ്കിലും വേദനയോ പ്രശ്‌നങ്ങളോ ഉള്ളവര്‍ മാത്രമാണ്‌ദന്തരോഗ വിദഗ്‌ധന്റെ സമീപമെത്താറുള്ളത്‌. എന്നാല്‍ മറ്റ്‌ ആരോഗ്യ പരിശോധനകള്‍ പോലെ ഇടയ്‌ക്കിടെ ദന്തരോഗ പരിശോധന നടത്തേണ്ടതും രോഗങ്ങളില്ലെന്ന്‌ ഉറപ്പിക്കേണ്ടതും ദീര്‍ഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണ്‌.


Source link
Exit mobile version