ആ സിനിമയ്ക്കായി 5 കിലോ കൂട്ടി, പക്ഷേ ലുക്ക് ടെസ്റ്റിൽ എന്നെ ഒഴിവാക്കി: ആല്‍ഫി പഞ്ഞിക്കാരന്‍

സിനിമയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ മറ്റേതെങ്കിലും ഒരു ജോലി കൂടി വേണമെന്ന് നടി ആല്‍ഫി പഞ്ഞിക്കാരന്‍. പല സിനിമകളില്‍ നിന്നും അവസാന നിമിഷം അവസരം നഷ്ടമായിട്ടുണ്ടെന്നും ‘മാളികപ്പുറം’ എന്ന ഹിറ്റിന്റെ ഭാഗമായിട്ടും ഇതൊക്കെ തന്നെയാണ് അവസ്ഥയെന്നും ആല്‍ഫി പറയുന്നു. ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.ശിക്കാരി ശംഭു, മാളികപ്പുറം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ആല്‍ഫി.
‘‘ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന് വേണ്ടി ഒരു നല്ല അവസരം ലഭിച്ചിരുന്നു. കേട്ടപ്പോള്‍ തന്നെ ഒരുപാട് സന്തോഷമായി. മാളികപ്പുറത്തിലെ വേഷം കണ്ടിട്ടാണ് അത്തരത്തിലൊരു അവസരം ലഭിച്ചത്. ആ കഥാപാത്രം ഒരു 30-35 വയസ്സ് തോന്നിക്കുന്നതായിരുന്നു. അങ്ങനെ ഞാന്‍ ലൊക്കേഷനില്‍ പോയി കാരവാനില്‍ ചെന്ന് ലുക്ക് ടെസ്റ്റ് നടത്തി.

അതിന്റെ ഫോട്ടോ ഡയറക്ടര്‍ക്ക് അയച്ച് കൊടുത്തപ്പോള്‍ അവര്‍ ഉദ്ദേശിച്ച പോലെ എനിക്ക് അത്രയും പ്രായം തോന്നിക്കുന്നില്ല. അങ്ങനെ ഈ കഥാപാത്രം ചെയ്യാന്‍ ആല്‍ഫിക്ക് പറ്റില്ലെന്ന് അവര്‍ പറഞ്ഞു. ഫുള്‍ മേക്കപ്പ് ഇട്ട് നില്‍ക്കുന്ന ഞാന്‍ പൊട്ടിക്കരഞ്ഞു. ആ സിനിമയ്ക്കു വേണ്ടി ഞാൻ അഞ്ച് കിലോ കൂട്ടിയിരുന്നു. പറയാവുന്ന എല്ലാവരോടും പറഞ്ഞിട്ടാണ് ഇവിടെ വന്നത്. നാണക്കേടുമുണ്ട്, സങ്കടവമുണ്ട്. എന്താണ് ആ സമയത്ത് എന്റെ വികാരമെന്നുപോലും അറിയില്ലായിരുന്നു. നൂറ് കോടി ക്ലബ്ബിൽ ഇടംനേടിയ മാളികപ്പുറം ചെയ്തു കഴിഞ്ഞിട്ടും ഇതൊക്കെ തന്നെയാണ് എന്റെ അവസ്ഥ.
ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാന്‍ ബുദ്ധിമുട്ടിലാണ്. അവസരങ്ങള്‍ പല രീതിയിലും വഴുതി പോകുന്നുണ്ട്. സിനിമയില്‍ ഇന്ന് പിടിച്ച് നില്‍ക്കണമെങ്കില്‍ നമുക്ക് എപ്പോഴും ഒരു സാമ്പത്തിക സ്രോതസ്സ് ഉണ്ടായിരിക്കണം. സിനിമ എന്നത് ഒരു സ്ഥിരം ജോലി അല്ല. അവസരങ്ങള്‍ മതിയായ രീതിയില്‍ ലഭിച്ചില്ലെങ്കില്‍ തീര്‍ച്ചയായും കരിയറില്‍ ഉയര്‍ച്ചയുണ്ടാവില്ല. സിനിമ ഉണ്ടെങ്കിലും മറ്റൊരു സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്.” ആല്‍ഫിയുടെ വാക്കുകൾ.

English Summary:
Struggles Behind the Spotlight: Actress Alphy Panjikaran on Career Challenges in the Film Industry


Source link
Exit mobile version