KERALAMLATEST NEWS

‘നിലയ്‌ക്കൽ – പമ്പ റൂട്ടിൽ വിഎച്ച്‌പിയുടെ സൗജന്യ യാത്ര വേണ്ട, അവകാശം കെഎസ്‌ആർടിസിക്ക്’; സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്കായി നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യമൊരുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വിശ്വ ഹിന്ദു പരിഷത്ത് നൽകിയ ഹർജിയിൽ മറുപടി നൽകി സർക്കാർ. ഹർജി തള്ളണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിലയ്‌ക്കൽ മുതൽ പമ്പ വരെയുള്ള റൂട്ടിൽ ബസ് സർവീസ് നടത്താനുള്ള അവകാശം കെഎസ്‌ആർടിസിക്കാണെന്നാണ് സർക്കാരിന്റെ വാദം.

ഈ വർഷം ജനുവരിയിലാണ് വിശ്വ ഹിന്ദു പരിഷത്ത് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിച്ചത്. ഇതിന് പിന്നാലെ എതിർ കക്ഷികളായ കേരള സർക്കാരിനും കെഎസ്‌ആർടിസിക്കും കോടതി നോട്ടീസ് അയച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ സർക്കാർ നിലപാട് വ്യക്തമാക്കി മറുപടി സത്യവാംങ്‌മൂലം നൽകിയത്.

കെഎസ്‌ആർടിസിക്ക് അവകാശപ്പെട്ട റൂട്ടാണിത്. 97 ഡിപ്പോകളിൽ നിന്നായി സീസൺ സമയത്ത് നിരവധി ബസുകൾ ഇവിടേക്കെത്തിച്ച് പൂർണ സൗകര്യം തീർത്ഥാടകർക്ക് ഒരുക്കുന്നുണ്ട്. മാത്രമല്ല, ബേസ് ക്യാമ്പിൽ നിന്ന് മറ്റ് വാഹനങ്ങൾ കടത്തി വിടാത്തതിന്റെ പ്രധാനപ്പെട്ട കാരണം ഈ മേഖലയിൽ ട്രാഫിക്ക് ജാം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് എന്നും സർക്കാർ വ്യക്തമാക്കി.

20 ബസുകൾ വാടകയ്‌ക്കെടുത്ത് ഭക്തർക്ക് സൗജന്യ യാത്ര നടത്താൻ അനുവദിക്കണമെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജിയിൽ പറഞ്ഞിട്ടുള്ളത്. ഇത്തരത്തിലൊരു സർവീസ് അനുവദിക്കുന്നതിനുള്ള സ്‌കീം സംസ്ഥാനത്തെങ്ങുമില്ല. ഇങ്ങനെ അനുവദിച്ചാൽ അത് നിലവിലുള്ള പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാകും. ഈ സാഹചര്യത്തിൽ ഹർജി പൂർണമായും തള്ളണമെന്നാണ് സർക്കാരിന്റെ ആവശ്യം. റൂട്ടിൽ ബസുകളുടെ എണ്ണം കുറവാണെന്നും ഭക്തർ തിക്കിത്തിരക്കിയാണ് ഓരോ ബസിലും കയറുന്നതെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം തെറ്റാണെന്നും സർക്കാർ നൽകിയ മറുപടിയിൽ പറഞ്ഞിട്ടുണ്ട്.


Source link

Related Articles

Back to top button