‘കല്‍ക്കി 2898 എഡി’ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിച്ച് നടി അന്ന ബെൻ. ‘കൈറ’ എന്ന കഥാപാത്രം തന്റെ കരിയറിലെ നാഴികക്കല്ലായി മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അന്ന ബെൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘പുതിയതായി എന്തെങ്കിലും പരീക്ഷിക്കണം എന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് കൈറ എന്നിലേക്ക് വന്നത്. അതുകൊണ്ടു തന്നെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ആവേശഭരിതനായിരുന്നു. പക്ഷേ ഇതെന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അന്ന് ഞാൻ കരുതിയില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമ നിർമ്മിച്ച നാഗ് അശ്വിൻ എന്ന ഈ അദ്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിന്റെ ഭാഗമാക്കിയ വൈജയന്ത് മൂവീസിനും ഒരുപാട് നന്ദി. നാഗി സർ എങ്ങനെ ഇത്രയും റിലാക്സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു, കാരണം ഈ രണ്ടുവർഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല.
അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാൽ ആരും പ്രചോദിതരായിപ്പോകും. ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്കു വഴിയൊരുക്കിയത്. സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയിൽ കൈറയെ അവതരിപ്പിക്കാൻ പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് ഞാൻ വളരെ നന്ദിയുള്ളവളാണ്. ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാൻ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതയാണ്. അദ്ഭുതകരമായ ആളുകളെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. കൈറയ്ക്ക് നിങ്ങളെല്ലാം നൽകുന്ന സ്നേഹത്തിന് നന്ദി, അതിന് അർഹയാകാൻ ഞാൻ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങൾ പറയാനുണ്ട്, പക്ഷേ സന്തോഷവും നന്ദിയും കൊണ്ട് ഞാൻ വീർപ്പുമുട്ടുകയാണ്.
ഈ യാത്രയുടെ ഏതാനും ചിത്രങ്ങളാണ് ഒപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്:
1. അർച്ചന അഖിൽ റാവുനിനൊപ്പമുള്ള ആദ്യത്തെ കോസ്റ്റ്യൂം ട്രയൽ.
2. വിസ്മയകരമായി ക്യാമറ ചലിപ്പിക്കുന്ന ഡിഓപി ഡിജോർഡിയുടെ ലെൻസിലൂടെ കൈറ.
3–4. പ്രിയപ്പെട്ട സാഹിതിയോടൊപ്പമുള്ള സ്റ്റണ്ട് റിഹേഴ്സലുകൾ.
5. കൈറയെ ആസ്വദിക്കുന്ന ഞാൻ
6. കൽക്കിയിലെ ഏറെ പ്രിയരായ ആളുകൾ എന്നെ സ്റ്റണ്ടിന് ഒരുക്കുന്നു.
7. എന്റെ തലമുടിയിൽ മണൽ പറ്റിയത് ഞാൻ ഇതിനുമുൻപ് ഒരിക്കലും ആസ്വദിച്ചിട്ടില്ല കാരണം കൽക്കിയിലെ സ്റ്റണ്ടുകൾ ചെയ്യുന്നത് അത്രയ്ക്ക് ആസ്വാദ്യകരമായിരുന്നു.
8. സോളമൻ മാസ്റ്ററുമായി ഒരു ചിത്രം.
9. സ്റ്റണ്ടിനിടയിൽ കിട്ടിയ ചില പരുക്കുകൾ.
10. സംവിധാന സഹായികൾ എല്ലാവരും പ്രിയപ്പെട്ടവനായിരുന്നു.
മറ്റെല്ലാ മുഖങ്ങളും ഓർമകളും എന്റെ ഹൃദയത്തിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.’’–അന്ന ബെൻ കുറിച്ചു.
വലിയ താരനിര ഒന്നിച്ച കല്‍ക്കി 2898 എ.ഡി. പുറത്തിറങ്ങിയപ്പോൾ ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു അന്ന ബെന്നിന്റെ കൈറ. യോദ്ധാവായ കൈറ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെയാണ് നടി അഭിനയിപ്പിച്ചു ഫലിപ്പിച്ചത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ മനോഹര ചിത്രങ്ങൾക്കൊപ്പമാണ് കൈറ എന്ന കഥാപാത്രത്തിലേക്ക് തന്നെ തെരഞ്ഞെടുത്ത സംവിധായകൻ നാഗിനും മറ്റ് അണിയറപ്രവർത്തകർക്കും നന്ദിപറഞ്ഞുകൊണ്ട് അന്ന ബെൻ എത്തിയത്.
Source link