KERALAMLATEST NEWS

കളക്‌ടർ അല്ല, അമ്പലങ്ങളുടെയും പള്ളികളുടെയും കാര്യം ഇനി തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിക്കും

തിരുവനന്തപുരം: ആരാധനാലയങ്ങളുടെ നിർമാണത്തിന് ഇനി കളക്ടർക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരെ ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കിയതിനാലാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് ജില്ലാ കളക്‌ടർമാർക്കായി ഉത്തരവ് ഇറക്കിയത്. 2021 ഫെബ്രുവരി 14നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂള്സ് ഭേദഗതി ചെയ്ത് ജി.ഒ(പി)19/2021 പ്രകാരം ഉത്തരവ് ഇറക്കിയിരുന്നത്.

ആരാധനാലയങ്ങളുടെ നിർമാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത് ഇതിനുള്ള അധികാരം തദ്ദേശ സ്ഥപനങ്ങൾക്ക് കൈമാറുന്നതായിരുന്നു ഈ ഉത്തരവ്. എന്നാൽ, ഇത് ഹൈക്കോടതി സ്റ്റേ ചെയ്തു.

ആരാധനാലയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി നല്കിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്.

ആരാധനാലയ നിർമാണത്തിന് അനുമതി നല്കുന്നത് ഏതെങ്കിലും വിധത്തിലുള്ള സംഘർഷത്തിനു കാരണമാകുമോയെന്നതിലടക്കം ജില്ലാ ഭരണകൂടം രഹസ്യവിവരം ശേഖരിച്ചു വിലയിരുത്തിയതിനു ശേഷമാണ് അനുമതി നൽകേണ്ടതെന്നായിരുന്നു നിയമം. എന്നാൽ, മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവ് പ്രകാരം ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിനുണ്ടായിരുന്ന അധികാരം അതേപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. ഇത് ചോദ്യംചെയ്താണ് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി ഹൈക്കോടതിയെ സമീപിച്ചത്.

ഭരണഘടനയുടെ 243 അനുച്ഛേദം പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്വങ്ങളും നിർവചിച്ചിട്ടുള്ളത്. പഞ്ചായത്ത് സ്ഥാപനങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾ 11ാം ഷെഡ്യൂളിലുമാണുള്ളത്. എന്നാൽ, രഹസ്യവിവരം ശേഖരിക്കലും നയ രൂപവത്കരണവും ഷെഡ്യൂള് 11ന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ ഹർജി ഹൈക്കോടതി തീർപ്പാക്കിയതോടെ സർക്കാർ ഇതു സംബന്ധിച്ച പുതിയ ഉത്തരവിറക്കി. ആരാധനാലയങ്ങളുടെ നിർമാണത്തിനോ പുതുക്കിപ്പണിയുന്നതിനോ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാമെന്നും ഉത്തരവിലുണ്ട്.


Source link

Related Articles

Back to top button