ഗാസ യുഎൻ സ്കൂളിൽ ഇസ്രേലി ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഗാസയിലെ യുഎൻ സ്കൂളിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടു. നുസെയ്റത്ത് അഭയാർഥി ക്യാന്പിനടുത്തുള്ള അൽ ജാവൂനി സ്കൂളിലെ ആക്രമണം ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രേലി സേന അറിയിച്ചു. നുസെയ്റെത്ത് ക്യാന്പിലെ ഏഴായിരത്തോളം പേർ സ്കൂൾവളപ്പിൽ അഭയം തേടിയിരുന്നുവെന്നാണു റിപ്പോർട്ട്. ഇസ്രേലി സേന ഇവിടെ മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തുന്നതു നാലാം തവണയാണെന്നും പറയുന്നു. എന്നാൽ, സിവിലിയൻ നാശം ഒഴിവാക്കാൻ നടപടികളെടുത്തശേഷമായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന വിശദീകരിച്ചു. ഹമാസിന്റെ പോലീസ് വിഭാഗം ഉപയോഗിച്ചിരുന്ന മുറി ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു സൂചനയുണ്ട്. വളരെ ഗുരുതരമായ ആരോപണമാണിതെന്നും അന്വേഷണം നടത്തുമെന്നും യുഎൻ വൃത്തങ്ങൾ പറഞ്ഞു. ഒട്ടേറെ ഹമാസ് ഭീകരർ സ്കൂൾകെട്ടിടത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഇസ്രേലി സേന പറയുന്നത്. ഇസ്രേലി സേനയ്ക്കെതിരേ ആക്രമണം നടത്താനുള്ള കേന്ദ്രമായി സ്കൂളിനെ ഉപയോഗിക്കുകയാണ്. മനുഷ്യരെ കവചമാക്കുന്ന ഹമാസ് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു. ഗാസയിൽ അഞ്ച് പലസ്തീൻ മാധ്യമപ്രവർത്തകർ ശനിയാഴ്ച കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യവകുപ്പ് അറിയിച്ചു. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കൂട്ടായ്മയുടെ കണക്കുപ്രകാരം നൂറിലധികം മാധ്യമപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ കണക്കനുസരിച്ച് മരണസംഖ്യ 158 ആയി. ഇതിനിടെ, വെടിനിർത്തൽ ശ്രമങ്ങൾക്ക് വീണ്ടും ആക്കംകൂടിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയിൽ ഹമാസ് അനുകൂല പ്രതികരണം അറിയിച്ചു. ഖത്തറിൽ ആരംഭിക്കുന്ന ചർച്ചയിലേക്കു പ്രതിനിധികളെ അയയ്ക്കാൻ ഇസ്രയേൽ തീരുമാനിച്ചു.
Source link