തൃശൂർ: രണ്ടുവയസുകാരിയെ കിണറ്റിൽവീണ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ചിറമനെങ്ങാട് നെല്ലിക്കുന്നിലാണ് സംഭവം. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ മകൾ അമയ ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നേകാലോടെയാണ് കുട്ടിയെ കിണറ്റിനുള്ളിൽ വീണുകിടക്കുന്ന നിലയിൽ അമ്മ കാണുന്നത്. പിന്നാലെ അയൽവീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ കാണാതായതിനുശേഷം നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്.
വെള്ളത്തിൽ മലർന്നുപൊങ്ങി കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം എരുമപ്പെട്ടി പൊലീസിനെ അറിയിച്ചു. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പിന്നാലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ വീടിന് സമീപത്തായി കട നടത്തുകയാണ്. കുട്ടി പുറത്തേക്കിറങ്ങിയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കിണറിന്റെ ആൾമറയ്ക്ക് നീളം കുറവായിരുന്നതും അപകടത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Source link