സ്പെയിൻ x ഫ്രാൻസ് മ്യൂണിക്: ഫൈനലിനു മുന്പുള്ള ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന യൂറോ കപ്പ് ഫുട്ബോൾ സെമി പോരാട്ടത്തിൽ സ്പെയിനും ഫ്രാൻസും നേർക്കുനേർ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 12.30നാണ് സ്പെയിൻ x ഫ്രാൻസ് സെമി ഫൈനൽ. റിക്കാർഡ് ലാ റോഹ 2024 യൂറോ കപ്പിൽ കളിച്ച അഞ്ചു കളിയിലും ജയം സ്വന്തമാക്കിയ ഏക ടീമാണ് സ്പെയിൻ.നിലിവിലെ ഫോം അനുസരിച്ച് ഈ യൂറോ കപ്പ് ട്രോഫി സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ടീമുകളാണ് സ്പെയിനും ഫ്രാൻസും. ഗ്രൂപ്പ് ബിയിൽ ക്രൊയേഷ്യ (3-0), ഇറ്റലി (1-0), അൽബേനിയ (1-0) ടീമുകളെ കീഴടക്കി ഗ്രൂപ്പ് ചാന്പ്യന്മാരായാണ് സ്പെയിൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീക്വാർട്ടറിൽ ജോർജിയയെ (4-1) ഏകപക്ഷീയമായി തകർത്തു. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജർമനിയെ അധികസമയത്തേക്കു നീണ്ട പോരാട്ടത്തിൽ 2-1നു കീഴടക്കി സെമി ടിക്കറ്റ് കരസ്ഥമാക്കി. ഗോളില്ലാതെ ഫ്രാൻസ് 2024 യൂറോ കപ്പിൽ ഇതുവരെ ഫീൽഡ് ഗോളില്ലാത്ത ടീമാണ് ഫ്രാൻസ്. എന്നിട്ടും അവർ സെമി ഫൈനലിൽ എത്തിയെന്നതാണ് ശ്രദ്ധേയം. യൂറോ, ലോകകപ്പ് വേദികളിലായി ഫ്രാൻസും സ്പെയിനും അഞ്ചു തവണ ഏറ്റുമുട്ടി. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രിയയ്ക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഫ്രാൻസ് പ്രീക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരേ (1-1) സമനില നേടിയപ്പോൾ മാത്രമാണ് ഫ്രാൻസ് ഗോൾ നേടിയത്, അതാകട്ടെ പെനാൽറ്റിയിലൂടെയും. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയയെയും (1-0) പ്രീക്വാർട്ടറിൽ ബെൽജിയത്തെ (1-0) തോൽപ്പിച്ചതു സെൽഫ് ഗോളിലൂടെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സുമായി ഗോൾ രഹിതസമനിലയും വഴങ്ങി. ക്വാർട്ടറിൽ പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ (5-3) കീഴടക്കിയത് നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിത സമനിലയ്ക്കുശേഷമായിരുന്നു. ഇംഗ്ലണ്ട് x നെതർലൻഡ്സ് ഡോർട്ട്മുണ്ട്: യൂറോപ്യൻ ഫുട്ബോളിലെ കരുത്തരായ ഇംഗ്ലണ്ടും നെതർലൻഡ്സും തമ്മിലാണ് 2024 യൂറോയിലെ രണ്ടാം സെമി ഫൈനൽ. ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ 12.30ന് ഡോർട്ട്മുണ്ടിലാണ് ഈ സൂപ്പർ പോരാട്ടത്തിന്റെ കിക്കോഫ്. ഇംഗ്ലീഷ് മെല്ലപ്പോക്ക് വൻ ഹൈപ്പിലായിരുന്നു ഇംഗ്ലണ്ട് യൂറോ കപ്പിനെത്തിയത്. യൂറോയിൽ കളിക്കുന്ന ടീമുകളിൽ കളിക്കാരുടെ മൂല്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്. ഗ്രൂപ്പ് ബിയിൽ സെർബിയയെ (1-0) തോൽപ്പിച്ച ഇംഗ്ലണ്ട്, ഡെന്മാർക്കിനോടും (1-1) സ്ലോവേനിയയോടും (0-0) സമനില വഴങ്ങി. എങ്കിലും ഗ്രൂപ്പ് സി ചാന്പ്യന്മാരായി പ്രീക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ സ്ലോവാക്യയെ അധിക സമയത്തേക്കു നീണ്ട മത്സരത്തിൽ 2-1നു കീഴടക്കി. ക്വാർട്ടറിൽ 1-1 സമനിലയ്ക്കുശേഷം ഷൂട്ടൗട്ടിൽ 5-3നു സ്വിറ്റ്സർലൻഡിനെ മറികടന്ന് സെമിയിൽ. സെമി കടക്കാൻ ഓറഞ്ചീസ് യൂറോ സെമി ഫൈനൽ കടന്പ കടക്കുക എന്ന ലക്ഷ്യമാണ് നെതർലൻഡ്സിനുള്ളത്. കാരണം, ഇതുവരെ അഞ്ചു സെമി ഫൈനൽ കളിച്ചതിൽ ഒരു പ്രാവശ്യം മാത്രമാണ് നെതർലൻഡ്സ് ഫൈനലിലേക്ക് എത്തിയത്, 1988ൽ. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രിയ, ഫ്രാൻസ് ടീമുകൾക്കു പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു നെതർലൻഡ്സ്. മികച്ച മൂന്നാം സ്ഥാനക്കാരുടെ ഗണത്തിൽപ്പെട്ട് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയിൽ പോളണ്ടിനെ (2-1) തോൽപ്പിച്ചെങ്കിലും ഓസ്ട്രിയയോട് (3-2) പരാജയപ്പെട്ടു. ഫ്രാൻസുമായി (0-0) സമനില പാലിക്കുകയും ചെയ്തു. പ്രീക്വാർട്ടറിൽ റൊമാനിയയെയും (3-0) ക്വാർട്ടറിൽ തുർക്കിയെയും (2-1) കീഴടക്കി.
Source link