തൃശൂർ: മതിലിടിഞ്ഞ് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിലാണ് സംഭവം. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്രയാണ് മരിച്ചത്. കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷത്തിനിടെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
മതിലിന് സമീപത്ത് നിന്ന് ദേവീഭദ്രയും സഹോദരൻ കാശിനാഥനും മറ്റൊരു കുട്ടിയും കളിക്കുകയായിരുന്നു. ഈ സമയം മതിൽ ഇടിഞ്ഞുവീണു. മതിലിനടിയിലായെങ്കിലും മറ്റ് രണ്ട് കുട്ടികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവീഭദ്ര.
കിണറ്റിൽവീണ് മരിച്ചനിലയിൽ കണ്ടെത്തി
തൃശൂരിൽ രണ്ടുവയസുകാരിയെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. തൃശൂർ ചിറമനെങ്ങാട് നെല്ലിക്കുന്നിലാണ് സംഭവം. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ മകൾ അമയ ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നേകാലോടെയാണ് കുട്ടിയെ കിണറ്റിനുള്ളിൽ വീണുകിടക്കുന്ന നിലയിൽ അമ്മ കാണുന്നത്. പിന്നാലെ അയൽവീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ കാണാതായതിനുശേഷം നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്.
വെള്ളത്തിൽ മലർന്നുപൊങ്ങി കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം എരുമപ്പെട്ടി പൊലീസിനെ അറിയിച്ചു. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പിന്നാലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Source link