KERALAMLATEST NEWS

വിഴിഞ്ഞത്ത് നങ്കൂരമിടുന്നത് സാൻഫെർണാണ്ടോ കപ്പൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യം ചരക്ക് കണ്ടെയ്‌നറുകളുമായി എത്തുന്നത് സാൻഫെർണാണ്ടോ എന്ന കൂറ്റൻ മദർഷിപ്പ്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ( Maersk) കപ്പലാണിത്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ഡാനിഷ് കമ്പനിയാണ് മെസ്‌ക്.

കഴിഞ്ഞ മാസം 22ന് ഹോങ്കോംഗിൽ നിന്നാണ് സാൻഫെർണാണ്ടോ പുറപ്പെട്ടത്. ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് യാത്ര. സിയാമെനിൽ നിന്ന് രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളുമായി ജൂലായ് ഒന്നിന് വിഴിഞ്ഞത്തേക്ക് തിരിച്ചു. 11ന് രാവിലെ ആറിന് വിഴിഞ്ഞം പുറംകടലിലെത്തും. 12ന് തുറമുഖത്തേക്ക് അടുപ്പിക്കും. തുറമുഖത്തെ 800മീറ്റർ ബർത്തിന്റെ മദ്ധ്യഭാഗത്താവും നങ്കൂരമിടുക. അന്ന് ഉച്ചയ്‌ക്ക് 12ന് വിഴിഞ്ഞം വിടുന്ന കപ്പൽ പിറ്റേന്ന് ഉച്ചയോടെ കൊളംബോയിലെത്തും.

വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യും മുൻപ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സർവ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് മദർഷിപ്പ് എത്തിക്കുന്നത്. 23ക്രെയിനുകൾ കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ ഇറക്കും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്റർ ഇത് നിയന്ത്രിക്കും. വിമാനത്താവളങ്ങളിലെ എയർട്രാഫിക് കൺട്രോളിന് സമാനമാണിത്. കപ്പൽ നങ്കൂരമിടുന്നതും കാർഗോ ഇറക്കുന്നതുമെല്ലാം നിയന്ത്രിക്കുന്നത് ഈ സെന്ററാണ്.

സാൻഫെർണാണ്ടോയിൽ നിന്ന് ഇറക്കുന്ന കണ്ടെയ്‌നറുകൾ ചെറിയ ഫീഡർ കപ്പലുകളിലേക്ക് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോവും.

ലോകത്തെ വൻകിടക്കാരായ മെഡ‍ിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എംഎസ്‌സി), എപിഎം ടെർമിനൽസ്, ഹാപാഗ്–ലോയ്ഡ് എന്നിവയുടെ കപ്പലുകൾ പിന്നാലെ വിഴിഞ്ഞത്ത് എത്തും. നിലവിലെ 800മീറ്റർ ബർത്തിൽ ഒരേസമയം രണ്ട് മദർഷിപ്പുകൾ അടുപ്പിക്കാം. ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് അംഗീകാരം, കസ്റ്റോഡിയൻ കോഡ് അംഗീകാരം, ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ക്ലിയറൻസ് എന്നിവ ലഭിച്ചാലുടൻ തുറമുഖം കമ്മിഷൻ ചെയ്യാം.

സർക്കാർ ആഘോഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ 12ന് കപ്പലിന് വൻ സ്വീകരണമൊരുക്കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാളും പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും ക്ഷണിച്ചിട്ടുണ്ട്.

സാൻഫെർണാണ്ടോ

നിർമ്മാണം 2014

നിർമ്മിച്ചത് ദേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി

നീളം 300 മീറ്റർ

വീതി 48 മീറ്റർ

രജിസ്ട്രേഷൻ മാർഷൽ ഐലൻഡ്സ്


Source link

Related Articles

Back to top button