ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്; അഞ്ചുവയസുകാരനിൽ കരൾ മാറ്റ ശസ്ത്രക്രിയ
കോട്ടയം : സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ കുട്ടികളിലെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി . മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരനിലാണ് അമ്മയുടെ കരൾ തുന്നിച്ചേർത്തത്.
കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ജന്മനാ കരൾ രോഗബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ കുട്ടിയുമായി ഒടുവിൽ മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു. 25 വയസുകാരിയായ അമ്മ കരൾ നൽകാൻ തയ്യാറായതോടെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കം തുടങ്ങി. കഴിഞ്ഞ ദിവസം അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ മെഡിക്കൽ കോളേജിലെ ഏഴ് വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിച്ച ശസ്ത്രക്രിയ 10 മണിക്കൂർ നീണ്ടു. കുട്ടിയെ ഇന്നലെ രാവിലെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും മൂന്ന് ദിവസം അതിനിർണായകമാണ്. ഒരാഴ്ച കർശന നിരീക്ഷണത്തിലാണ്.
സർക്കാർ മെഡിക്കൽ കോളേജുകളിൽ അപൂർവമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ളാന്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായ ശസ്ത്രികിയ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും മന്ത്രി വീണാജോർജ് അഭിനന്ദിച്ചു.
” ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനം. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളുടേയും, അമൃത ആശുപത്രിയുടേയും സഹകരണം എടുത്തുപറയേണ്ടതാണ്”
ഡോ. ആർ.എസ്. സിന്ധു
Source link