സിപിഎം തിരുത്താൻ തുടങ്ങുമ്പോൾ വീണ്ടും പിഴയ്ക്കുന്നു: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് യുവ നേതാവ് തട്ടിയത് 22 ലക്ഷം രൂപ, പരാതി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടർന്ന് തിരുത്തൽ നടപടികൾ ആരംഭിക്കാനിരിക്കെ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി യുവ നേതാവിനെതിരെ വൻ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ നേതാവ് കൈപ്പറ്റിയെന്നാണ് ആരോപണം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആളും കോഴിക്കാേട് സ്വദേശിയുമായ വ്യക്തിയിൽ നിന്നാണ് പണം വാങ്ങിയത്.ഇയാൾക്ക് സിപിഎമ്മുമായി അടുപ്പവുമുണ്ട്. 60 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും ആദ്യ പടിയായി 22 ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നു.
പണം നൽകിയാൽ മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കി നൽകാമെന്നായിരുന്നു യുവ നേതാവ് പറഞ്ഞിരുന്നത് എന്നാണ് പാർട്ടിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. ഡീൽ പറഞ്ഞുറപ്പിക്കുന്നിന്റെ ശബ്ദ സന്ദേശവും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. അംഗത്വം ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി പാർട്ടിക്കുമുന്നിൽ എത്തിയത്. പരാതിയിൽ അന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് മന്ത്രി മുഹമ്മദ് റിയാസ്.
അതിനിടെ, കാപ്പ അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും യുവമോർച്ച ഭാരവാഹിയുമായിരുന്ന മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ റിമാൻഡ് കഴിഞ്ഞതിന് പിന്നാലെ സിപിഎമ്മിൽ ചേർന്നതിനെ ന്യായീകരിച്ച് പാർട്ടി പത്തനംതിട്ട ജില്ലാ നേതൃത്വം രംഗത്തെത്തി.
കുമ്പഴ, മലയാലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് പാർട്ടിയിൽ ചേർന്നവരെക്കുറിച്ച് കള്ളപ്രചരണം നടത്തുകയാണെന്ന് ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രസ്താവന ഇറക്കുകയായിരുന്നു. നാല് പഞ്ചായത്തിലെ യുവമോർച്ച ഭാരവാഹിയായിരുന്നു ശരൺ. രാഷ്ട്രീയ കേസുകൾ മാത്രമാണ് ഇയാൾക്കെതിരെയുള്ളത്. വ്യാജ പ്രചാരണത്തിനെതിരെ ശരൺ ചന്ദ്രൻ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിലുണ്ട്.
ശരൺചന്ദ്രനെതിരെ കഴിഞ്ഞ വർഷം കാപ്പ ചുമത്തിയിരുന്നു. നാടുകടത്താതെ കാപ്പ 15(3) പ്രകാരം താക്കീത് നൽകി വിടുകയായിരുന്നു. അതിനുശേഷം പത്തനംതിട്ട സ്‌റ്റേഷനിൽ ഒരു ക്രിമിനൽ കേസിൽ പ്രതിയായി. അതോടെ കാപ്പ ലംഘിച്ചെന്ന പേരിൽ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചു. കോടതിക്ക് പുറത്തുവച്ചു തന്നെ പത്തനംതിട്ട പൊലീസ് പിടികൂടി റിമാൻഡ് ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച മന്ത്രി വീണാജോർജ് അടക്കം പങ്കെടുത്ത സമ്മേളനത്തിലാണ് ശരൺ ചന്ദ്രനുൾപ്പെടെ 60 പേർ സിപിഎമ്മിൽ ചേർന്നത്.
Source link