ജോസ് കുന്പിളുവേലിൽ സ്റ്റുട്ഗർട്ട്: യുവേഫ യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് 2-1നു പരാജയപ്പെട്ടു പുറത്തായതിനിടെ ലഭിക്കാതെപോയ പെനാൽറ്റിയിൽ വിവാദം പുകയുന്നു. ജർമനി ഒന്നടങ്കം പെനാൽറ്റി ലഭിക്കാത്തതിന്റെ കലിപ്പിലാണ്. 106-ാം മിനിറ്റിൽ ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി റഫറി ആന്റണി ടെയ്ലർ അനുവദിച്ചില്ല. അദ്ദേഹം വീഡിയോ പരിശോധനയ്ക്കു വിട്ടില്ലെന്നു മാത്രമല്ല, അസിസ്റ്റന്റ് റഫറിമാരോട് അഭിപ്രായമാരാഞ്ഞില്ലെന്നും ആരോപണം ഉയർന്നു. ജർമൻ കോച്ച് ജൂലിയൻ നേഗൽസ്മാൻ വാർത്താസമ്മേളനത്തിൽ പൊട്ടിത്തെറിച്ചു. പന്ത് ബോധപൂർവം കൈയിൽ തട്ടിയതല്ലായിരിക്കാം. പക്ഷേ, അതൊരു ന്യായീകരണമല്ല – നെഗൽസ്മാൻ ആരോപിച്ചു. ടോണി, മ്യുള്ളർ ജർമൻ സൂപ്പർ താരങ്ങളായ ടോണി ക്രൂസിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു സ്പെയിനിനെതിരായ ക്വാർട്ടർ. ജർമനി യൂറോ കപ്പിൽനിന്നു പുറത്തായതോടെ ടോണിയുടെ അവസാന മത്സരം സങ്കടത്തിലവസാനിച്ചു. ഗാലറിയിൽ നിറഞ്ഞ സ്പാനിഷ് ആരാധകർ ടോണി ക്രൂസിന് അഭിവാദ്യം അർപ്പിച്ചെന്നതും ശ്രദ്ധേയം. സ്പാനിഷ് ടീമായ റയൽ മാഡ്രിഡിനുവേണ്ടിയായിരുന്നു ടോണി ക്രൂസ് കളിച്ചിരുന്നത്. അതുപോലെ രാജ്യാന്തര ഫുട്ബോളിൽ തോമസ് മ്യുള്ളറിന്റെയും അവസാന മത്സരമായിരിക്കും യൂറോ ക്വാർട്ടർ. യൂറോ കപ്പോടെ ബൂട്ടഴിക്കുമെന്ന് മ്യുള്ളർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Source link