വീരോചിതം, വരവേൽപ്പ്, വിജയകിരീടവുമായി ക്രിക്കറ്റ് ടീം ഇന്ത്യയിൽ
ന്യൂഡൽഹി/ മുംബയ് : വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി-20 ലോകകപ്പിലെ വിജയകിരീടവുമായെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അതിഗംഭീര വരവേൽപ്പ് നൽകി രാജ്യം. ബെറിൽ ചുഴലിക്കാറ്റുകാരണം മൂന്നുദിവസം ബാർബഡോസിൽ കുടുങ്ങിപ്പോയ രോഹിത് ശർമ്മയും സംഘവും ഇന്നലെ രാവിലെ ആറുമണിയോടെ പ്രത്യേക വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിലിറങ്ങിയപ്പോൾ നൂറുകണക്കിന് ആരാധകർ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് മൗര്യ ഐ.ടി.സിഹോട്ടലിലേക്ക് പോയ ടീം 11.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് കിരീടം കൈമാറി. വിജയികളെ അഭിനന്ദിച്ച മോദി ടീമംഗങ്ങളുമായി ലോകകപ്പ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ടീം വിക്ടറി പരേഡിനായി മുംബയ്യിലേക്ക് തിരിച്ചു. വാട്ടർ സല്യൂട്ട് നൽകിയാണ് മുംബയ് വിമാനത്താവളത്തിൽ വിജയികളുടെ വിമാനത്തെ സ്വീകരിച്ചത്.
മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെയുള്ള തുറന്ന ബസിലെ പരേഡ് വൈകിട്ട് അഞ്ചുമണിക്കാണ് നിശ്ചയിച്ചിരുന്നതെങ്കിലും തുടങ്ങാൻ രണ്ട് മണിക്കൂറിലധികം വൈകി. കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് പതിനായിരക്കണത്തിന് ആരാധകരാണ് മുംബയ്യിലെ വീഥിയിൽ നിറഞ്ഞത്. സൗജന്യ പ്രവേശനം അനുവദിച്ച വാങ്കഡെ സ്റ്റേഡിയം നാലുമണിയോടെ നിറഞ്ഞുകവിഞ്ഞിരുന്നു. പരേഡിന് ശേഷം വാങ്കഡെയിൽ നടന്ന അനുമോദനച്ചടങ്ങിൽ ടീമംഗങ്ങൾക്ക് ബി.സി.സി.ഐ പ്രഖ്യാപിച്ച 125കോടി സമ്മാനിച്ചു.
Source link