മുംബയ്: 2024ൽ ലോകത്ത് പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ മുംബയും. ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും ലോകത്ത് 136ാം സ്ഥാനത്തുമാണ് മുംബയ് നഗരമുള്ളത്. പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത് ഹോങ്കോംഗ്, സിംഗപ്പൂർ, സൂറിച്ച് എന്നിവയാണ്. മെർസറിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് സിറ്റി റാങ്കിംഗാണ് പട്ടിക പുറത്തുവിട്ടത്.
ജീവിതച്ചെലവിന്റെ കാര്യത്തിൽ ഇസ്ലാമാബാദ്, ലാഗോസ്, അബുജ എന്നിവ ഏറ്റവും താഴ്ന്ന സ്ഥാനത്താണ്. കഴിഞ്ഞ വർഷവും ഈ നഗരങ്ങൾ ഇതേ സ്ഥാനത്തായിരുന്നു. ലോകത്ത് മുംബയ് 136ാം സ്ഥാനത്ത് എത്തിയപ്പോൾ ഡൽഹി 165ാം സ്ഥാനത്താണുള്ളത്.
ഇന്ത്യൻ നഗരങ്ങൾ
ഈ വർഷത്തെ പട്ടികയിൽ ചെന്നൈ അഞ്ച് പോയിന്റും ബംഗളൂരു ആറ് പോയിന്റ് താഴ്ന്ന് യഥാക്രമം 189, 195ലും എത്തി. ഹൈദരാബാദ്-202, പൂനെ-205, കൊൽക്കത്ത-207 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ. ലോകത്തിലെ 226 നഗരങ്ങളെയാണ് വിശകലനം ചെയ്തത്. പാർപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വിനോദം എന്നിങ്ങനെ 200ലധികം ഘടകങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് പട്ടിക പുറത്തുവിട്ടത്.
സർവേയുടെ അടിസ്ഥാന നഗരം ന്യൂയോർക്ക് സിറ്റി ആയിരുന്നു. പണപ്പെരുപ്പം, വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ, സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ ചാഞ്ചാട്ടം, വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ എന്നിങ്ങനെ ജീവിതച്ചെലവിലെ വർദ്ധനവിന് ഒന്നിലധികം ഘടകങ്ങൾ കാരണമായെന്ന് വിശകലനത്തിൽ കണ്ടെത്തി.
എന്തുകൊണ്ട് ഹോങ്കോംഗ് നഗരം ഒന്നാമത്
ലോകത്ത് ഏറ്റവും കൂടുതൽ ചെലവേറിയ നഗരം ഹോങ്കോംഗ് ആണെന്നാണ് വിശകലനത്തിൽ വ്യക്തമാക്കുന്നത്. കാരണം, പാർപ്പിടം, ഗതാഗതം സാധനങ്ങളുടെ വില എന്നിവ നഗരത്തിൽ ഏറ്റവും ഉയർന്ന നിലയിലാണ്. കറൻസി മൂല്യത്തകർച്ച ഇസ്ലാമാബാദ്, ലാഗോസ്, അബുജ എന്നിവിടങ്ങളിലെ ജീവിതച്ചെലവ് കുറയ്ക്കുന്നതിന് കാരണമായി.
ജീവിക്കാൻ ഏറ്റവും ചെലവേറിയ 10 നഗരങ്ങളിൽ യൂറോപ്യൻ നഗരങ്ങൾ കൂടുതലും ഉൾപ്പെടുന്നു. ലണ്ടൻ എട്ടാം സ്ഥാനത്തും കോപ്പൻഹേഗൻ (11), വിയന്ന (24), പാരീസ് (29), ആംസ്റ്റർഡാം (30) എന്നീ സ്ഥാനങ്ങളിലുമാണ്. 15ാം റാങ്കിലുള്ള ദുബായ് മിഡിൽ ഈസ്റ്റിലെ ഏറ്റവും ചെലവേറിയ നഗരമാണ്. ദക്ഷിണ അമേരിക്കയിൽ ഉറുഗ്വേയാണ് 42ാം റാങ്കിലുള്ള പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ സ്ഥലം. വടക്കേ അമേരിക്കയിൽ, ന്യൂയോർക്ക് സിറ്റി ഏഴാം റാങ്കോടെ പട്ടികയിൽ ഒന്നാമതാണ്.
Source link