മാറ്റത്തിനായി ഇറാൻ ജനത; പസെഷ്കിയാൻ പ്രസിഡന്റ്
ടെഹ്റാൻ: മാറ്റം വാഗ്ദാനം ചെയ്ത മസൂദ് പസെഷ്കിയാനെ ഇറേനിയൻ ജനത പ്രസിഡന്റായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ പരിഷ്കരണവാദിയായ പസെഷ്കിയാന് 53.3 ശതമാനം വോട്ട് ലഭിച്ചു. എതിരാളിയും കടുത്ത യാഥാസ്ഥിതികനുമായ സയീദ് ജലീലിക്ക് 44.3 ശതമാനം വോട്ടാണ് ലഭിച്ചത്. ഒൗദ്യോഗിക ഫലപ്രഖ്യാപനത്തിനു മുന്പേ പസെഷ്കിയാന്റെ അനുയായികൾ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. എഴുപത്തൊന്നു വയസുള്ള പസെഷ്കിയാൻ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണ്. ആഗോളതലത്തിൽ ഇറാൻ നേരിടുന്ന ഒറ്റപ്പെടൽ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇറാനിലെ കുപ്രസിദ്ധമായ മതപോലീസിനെ വിമർശിക്കുന്ന നിലപാടുമുണ്ട്. പാശ്ചാത്യശക്തികളുമായി നല്ല ബന്ധമുണ്ടാക്കി ‘ആണവകരാർ’ പുതുക്കണമെന്ന് പ്രചാരണകാലത്ത് പസെഷ്കിയാൻ ആവശ്യപ്പെട്ടിരുന്നു. പരിഷ്കരണവാദികളും മുൻ പ്രസിഡന്റുമാരുമായ ഹസൻ റൂഹാനി, മുഹമ്മദ് ഖത്തമി എന്നിവരുടെ പിന്തുണയോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താനായി വൻ ശക്തികളുമായി കരാറുണ്ടായത് 2015ൽ റൂഹാനിയുടെ കാലത്താണ്. ഇറാനിൽ നിർണായക സ്വാധീനം പുലർത്തുന്ന മതനേതൃത്വത്തിന്റെ പിന്തുണ ആസ്വദിക്കുന്ന കടുത്ത പാശ്ചാത്യവിരുദ്ധനായ ജലീലി പ്രസിഡന്റാകുന്നതു തടയാൻ കൂടുതൽ ജനം പോളിംഗ് ബൂത്തിലെത്തിയെന്ന് വിലയിരുത്തലുണ്ട്. ജൂൺ 25നു നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 40 ശതമാനമായിരുന്ന പോളിംഗ് നിരക്ക് രണ്ടാംഘട്ടത്തിൽ 50 ശതമാനത്തിലേക്ക് ഉയർന്നു. ഒന്നാം ഘട്ടത്തിൽ മത്സരിച്ച ആറ് സ്ഥാനാർഥികളിൽ പസെഷ്കിയാൻ ഒഴികെയുള്ളവർ യാഥാസ്ഥിതികരായിരുന്നു. ആരും അന്പതു ശതമാനത്തിനു മുകളിൽ വോട്ട് നേടാതിരുന്നതിനാലാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയ പസെഷ്കിയാനും ജലീലിയും തമ്മിൽ രണ്ടാം ഘട്ടം വേണ്ടിവന്നത്. യാഥാസ്ഥിതികനായിരുന്ന പ്രസിഡന്റ് ഇബ്രാഹിം റെയ്സി മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
Source link