ഇന്ത്യയിൽ മാത്രം ലഭിച്ച സൗകര്യം യുഎഇയിലും; കോളടിച്ചത് പ്രവാസികൾക്കും വിസിറ്റ് വിസക്കാർക്കും, പണമിടപാട് ഇനി എളുപ്പം

ദുബായ്: ഇന്ത്യയിൽ മാത്രം ലഭിച്ചിരുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇനി യുഎഇയിലും. എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലുടനീളമുള്ള ഡിജിറ്റൽ വാണിജ്യത്തിന്റെ മുൻനിരക്കാരായ നെറ്റ്‌വർക്ക് ഇന്റർനാഷണലും സംയുക്തമായി ചേർന്നാണ് യുഎഇയിൽ ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കിയത്. യുഎഇയിലെ വിവിധ വിൽപന കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ യുപിഐ പ്രവർത്തന ക്ഷമമാക്കി മാറ്റിയത്.
യുഎഇയിലെ നെറ്റ്‌വർക്ക് ഇന്റർനാഷണലിന്റെ വിപുലമായ വ്യാപാര ശൃംഖലയിലുടനീളമുള്ള ഇന്ത്യൻ വിനോദസഞ്ചാരികൾക്കും പ്രവാസി ഇന്ത്യക്കാർക്കും (എൻആർഐ) തടസ്സങ്ങളില്ലാത്തതും സുരക്ഷിതവുമായ ഇടപാടുകൾ ഈ സംരംഭം ഉറപ്പാക്കുന്നുവെന്ന് എൻപിസിഐ ഇന്റർനാഷണൽ പ്രസ്താവനയിൽ അറിയിച്ചു. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ 60,000ത്തിലധികം വ്യാപാരികളിൽ 20,000 വിൽപന കേന്ദ്രങ്ങളും ഈ നെറ്റ്‌വർക്കിന് കീഴിലാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും ഇഷ്ട കേന്ദ്രങ്ങളായ ദുബായ് മാൾ, എമിറേറ്റ്സ് മാൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഉടൻ തന്നെ യുപിഐ ഇടപാടുകളുടെ സൗകര്യം ഒരുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള പ്രവാസികൾക്കും പേയ്‌മെന്റുകൾക്കായി യുപിഐ ഉപയോഗിക്കാൻ അനുവദിക്കും. കൂടാതെ യുഎഇയിൽ കുറച്ച് കാലത്തേക്ക് വിസിറ്റ് വിസയിൽ എത്തുന്നവർക്കും വിനോദ സഞ്ചാരികൾക്കും പുതിയ സൗകര്യം ഗുണം ചെയ്യും.
യുഎഇയുടെ വികസനത്തിനും മാറ്റങ്ങൾക്കും ഏറെ സംഭാവന നടത്തുന്നവരാണ് ഇന്ത്യക്കാർ. മാത്രമല്ല, യുഎഇയിലേക്ക് ഇന്ത്യൻ സഞ്ചാരികൾ വലിയ രീതിയിൽ ഒഴുകുന്നുണ്ട്. പുതിയ തീരുമാനം വിനോദ സഞ്ചാര മേഖലയ്ക്ക് ഏറെ ഗുണം ചെയ്യും. ജൂലായ് മൂന്നിന് സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്. നെറ്റ്‌വർക്ക് ഇന്റർനാഷണൽ, എൻപിസിഐ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഭാവിയിൽ പദ്ധതി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിവരം. ഈ വർഷം വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം 98 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ. ഇതിൽ യുഎഇയിലേക്ക് മാത്രം 52 ലക്ഷം ഇന്ത്യക്കാർ ഏത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ ഇടപാടാണ് യുപിഐ. ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവത്തിന് ഏറ്റവും കൂടുതൽ സഹായിച്ച ഘടകങ്ങളിൽ ഒന്നാണ് യുപിഐ.
Source link