സർവീസ് ആരംഭിച്ച് 365ാം ദിവസം ഖജനാവ് നിറച്ച് വന്ദേഭാരത്; 28 കോടി റെയിൽവെയുടെ അക്കൗണ്ടിൽ

ഹുബ്ലി: ഇന്ത്യൻ റെയിൽവെയുടെ തലവര മാറ്റിയ ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസ്. സർവ്വീസ് ആരംഭിച്ച് വർഷങ്ങൾ പിന്നിടുമ്പോൾ രണ്ടും കയ്യും നീട്ടിയാണ് യാത്രക്കാർ വന്ദേഭാരതിനെ സ്വീകരിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവെ. ഈ സാഹചര്യത്തിൽ റെയിൽവെയ്ക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള രണ്ടാമത്തെ ഹുബ്ബള്ളി-ധാർവാഡ് വന്ദേ ഭാരത് ഒരു വർഷം പൂർത്തിയാക്കുമ്പോൾ റെയിൽവെയുടെ ഖജനാവിലെത്തിച്ചത് 28 കോടി രൂപയാണ്.

ബംഗളൂരു നഗരത്തെയും ധാർവാഡിനെയും ബന്ധിപ്പിക്കുന്ന ഈ സൂപ്പർഫാസ്റ്റ് ട്രെയിൻ ദക്ഷിണ കർണാടകയിലും വടക്കൻ കർണാടകയിലുടനീളമുള്ള യാത്രക്കാരിൽ നിന്ന് കാര്യമായ പ്രോത്സാഹനമാണ് നേടിയെടുത്തത്. ട്രെയിൻ യാത്ര ആരംഭിച്ചത് മുതൽ യാത്രക്കാർക്ക് ശരിക്കും ഒരു അനുഗ്രഹമായി മാറിയെന്ന് തെളിയിച്ചിട്ടുണ്ട്. ഓരോ ദിവസവും ശരാശരി 85 ശതമാനം സീറ്റുകളും ബുക്ക് ചെയ്താണ് യാത്ര ആരംഭിക്കുന്നത്. മടക്ക യാത്രയിൽ ഇത് 83 ശതമാനമായിരിക്കും. സാമ്പത്തികമായി റെയിൽവെയുടെ ഖജനാവ് നിറയ്ക്കാനും വന്ദേഭാരതിന് സാധിക്കുന്നുണ്ട്.

മികച്ച പ്രതികരണമാണ് ഈ റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസിന് ലഭിക്കുന്നതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ മഞ്ജുനാഥ് കനമാടി പറയുന്നു. വാരാന്ത്യങ്ങളിൽ ട്രെയിനിന് ആവശ്യക്കാരേറെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതോടൊപ്പം സർവീസ് മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങളും ഒരു ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ഇപ്പോഴത്തെ സമയം മാറ്റണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്. ധാർവാഡിൽ നിന്ന് രാവിലെ പുറപ്പെടുന്നതിനും ബംഗളൂരുവിൽ നിന്ന് ഉച്ചതിരിഞ്ഞ് പുറപ്പെടുന്നതുമായുള്ള സർവീസ് വേണമെന്നാണ് ആവശ്യം.

അതേസമയം, ഈ സർവീസ് ബലഗാവി വരെ നീട്ടണമെന്ന ആവശ്യവും യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ച നടന്നെന്നാണ് സൂചന. എന്നാൽ ഹുബ്ബള്ളിയിലേക്കുള്ള മടക്കയാത്രയ്ക്ക് ബലഗാവി സ്റ്റേഷൻ തിരഞ്ഞെടുക്കാൻ ഇപ്പോൾ സാധിക്കില്ല. ഈ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോം സൗകര്യങ്ങൾ അടക്കമാണ് സർവീസ് നീട്ടലിന് തടസമാകുന്നത്. പ്രശ്ന പരിഹാരത്തിന് മറ്റൊരു ട്രെയിൻ സർവീസ് ആംരഭിക്കാനും റെയിൽവെയ്ക്ക് ആലോചനയുണ്ട്.


Source link
Exit mobile version