ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചുതരാമെന്ന് പറഞ്ഞാൽ ഞങ്ങൾ ചെയ്യാമെന്ന് പറഞ്ഞ് മന്ത്രിമാർ ഓടിയെത്തും
പാലക്കാട്: പട്ടിക ജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ച മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ അതിനുള്ള സജ്ജീകരണങ്ങൾ താൻ ഏർപ്പാടാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാല് ലക്ഷം രൂപയ്ക്ക് വീടുവച്ചുതരാമെന്ന് പറഞ്ഞാൽ മന്ത്രിമാർ അവിടേക്ക് ഓടിയെത്തി തങ്ങൾ ചെയ്‌തോളാമെന്ന് പറയുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ശ്രീ രാധാകൃഷ്ണൻ എംപി അവർകളെ പാർലമെന്റിന്റെ ഫ്‌ളോറിൽവച്ച് കണ്ടപ്പോൾ, പട്ടികജാതിക്കാർക്കായി ഇവിടെയൊരു മെഡിക്കൽ കോളേജ് സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതിന്റെ അവസ്ഥ എന്താണെന്നറിയില്ല. ഇന്ന് തൊട്ട് അത് അറിയാൻ നോക്കുകയാണ്.
മെഡിക്കൽ കോളേജിന്റെ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ഉറപ്പായിട്ടും അതിനുവേണ്ട കാര്യങ്ങൾ ചെയ്യും. മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കാര്യങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്.’ – സുരേഷ് ഗോപി വ്യക്തമാക്കി. കേന്ദ്രമന്ത്രി ജോർജ് കുര്യനൊപ്പം പാലക്കാട് ബി ജെ പി നൽകിയ സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
അതേസമയം, പാലക്കാട് തന്നാൽ കേരളം ഞങ്ങൾ എടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പാലക്കാട് മണ്ഡലത്തിൽ ബി ജെ പി രണ്ടാമതെത്തിയിരുന്നു. തൃശൂരിലെ വിജയം പാലക്കാടും ആവർത്തിക്കാനാകും എന്ന പ്രതീക്ഷയാണ് ബി ജെ പി നേതൃത്വത്തിനുള്ളത്. മാത്തൂർ, കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും പാലക്കാട് നഗരസഭാ പരിധിയിലും അടിത്തട്ടിൽ ബി ജെ പി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നാണ് വിവരം.
Source link