കോഴിക്കോട്: എസ്.എഫ്.ഐക്കാരുടെ ആക്രമണത്തിന് വിധേയനായ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കനത്ത പൊലീസ് സുരക്ഷയിൽ ഇന്നലെ കോളേജ് തുറന്ന പശ്ചാത്തലത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. സൈബർസെല്ലിനും കൊയിലാണ്ടി സി.ഐക്കും പരാതി നൽകിയതായി പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്‌കരൻ പറഞ്ഞു. അന്വേഷണം തുടങ്ങിയതായി കൊയിലാണ്ടി സി.ഐ മെൽവിൻ ജോസ് അറിയിച്ചു. രണ്ടു ദിവസമായി പ്രിൻസിപ്പൽ പൊലീസ് സുരക്ഷയിലാണ് കോളേജിൽ വരുന്നതും പോവുന്നതും. അത്തരം ദൃശ്യങ്ങളാവാം പോസ്റ്റിന് പിന്നിലെന്നും സി.ഐ പറഞ്ഞു. കോളേജ് പ്രിൻസിപ്പലിനെ മർദ്ദിച്ച കേസിൽ 15 പേർക്കെതിരെയാണ് കേസ്.
കൊയിലാണ്ടി ഗുരുദേവ കോളേജ് തുറന്നു
പ്രിൻസിപ്പലിനെ മർദ്ദിച്ചതിനെത്തുടർന്ന് രണ്ടുദിവസം അടച്ചിട്ട കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ് ഇന്നലെ തുറന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കനത്ത പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. എസ്.എഫ്.ഐയുടെ ഭീഷണി ഉണ്ടായിരുന്നെങ്കിലും പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്‌കരൻ കോളേജിലെത്തി.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്റ്റാഫ് മീറ്റിംഗ് ചേർന്ന ശേഷമാണ് ക്ലാസാരംഭിച്ചത്. പ്രതിഷേധ പ്രകടനങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായില്ല. ഈമാസം ഒന്നിന് എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ആക്രമിച്ചത്. തുടർന്ന് അടച്ചിട്ട കോളേജ് തുറക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രിൻസിപ്പലാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.
Source link