ചരക്കിറക്കലിനെ ചൊല്ലി സി.ഐ.ടി.യുവുമായി തർക്കം കെട്ടിടത്തിൽ നിന്ന് ചാടിയ തൊഴിലാളി ഗുരുതരാവസ്ഥയിൽ

എടപ്പാൾ: ചരക്കിറക്കൽ തർക്കത്തിനിടെ സി.ഐ.ടി.യുക്കാരെ കണ്ട് പേടിച്ചോടിയ നിർമ്മാണ തൊഴിലാളി കെട്ടിടത്തിൽ നിന്ന് ചാടി. ഗുരുതരമായി പരിക്കേറ്റ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനെ (23) തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഫയാസിന്റെ കാലുകളൊടിഞ്ഞു. എടപ്പാൾ ടൗണിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലേക്കുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ ഇറക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. വ്യാഴാഴ്ച രാത്രി 9.45ന് ചരക്കെത്തിയപ്പോൾ ഇറക്കുന്നതിനായി സി.ഐ.ടി.യു തൊഴിലാളികൾ പരിസരത്തുണ്ടായിരുന്നില്ല. തുടർന്ന് കരാറുകാരൻ തന്റെ നാല് തൊഴിലാളികളെക്കൊണ്ട് സാമഗ്രികൾ ഇറക്കി. വിവരമറിഞ്ഞെത്തിയ ആറ് സി.ഐ.ടി.യു പ്രവർത്തകർ ബഹളമുണ്ടാക്കി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. അതിനിടെ ചങ്ങരംകുളം പൊലീസെത്തി പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ച് മടങ്ങി.

 തൊഴിലാളികൾക്ക് ക്രൂരമർദ്ദനം

പിന്നീട് തർക്കം രൂക്ഷമായതോടെ സി.ഐ.ടി.യുക്കാർ തൊഴിലാളികളെ വളഞ്ഞിട്ട് മർദ്ദിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഫയാസ് കെട്ടിടത്തിന് മുകളിലേക്ക് ഓടി. സി.ഐ.ടി.യുക്കാർ പിന്തുടർന്നതോടെ നാലാം നിലയിൽ നിന്ന് സമീപത്തെ ഉയരം കുറഞ്ഞ മറ്റൊരു കെട്ടിടത്തിലേക്ക് ചാടി. ഇതിനിടെ ടെറസിൽ വീണാണ് ഗുരുതരമായി പരിക്കേറ്റത്.

ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചങ്ങരംകുളം പൊലീസ് ഫയാസിന്റെ മൊഴിയെടുത്തു. സി.ഐ.ടി.യുക്കാർ ഇല്ലാത്തതിനാലാണ് പണിക്കാരെക്കൊണ്ട് ചരക്കിറക്കിയതെന്നും, പണം തരാമെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നെന്നും കരാറുകാരനായ സുരേഷ് പറഞ്ഞു. മദ്യപിച്ചെത്തിയ സംഘമാണ് മർദ്ദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.


Source link

Exit mobile version