സിൽവർ ലൈൻ തുലാസിൽ, മറ്റു ദൗത്യവുമായി കെ-റെയിൽ

തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാതെ സിൽവർലൈൻ പദ്ധതി തുലാസിലായതോടെ കൺസൾട്ടൻസി, മേൽപ്പാല നിർമ്മാണമടക്കം മറ്റ് ജോലികൾ ഏറ്റെടുത്ത് കെ-റെയിൽ കോർപ്പറേഷൻ. റെയിൽവേ വികസനത്തിന് റെയിൽവേയും സംസ്ഥാനവും ചേർന്നുള്ള സംയുക്ത കമ്പനിയാണ് കെ-റെയിൽ. ലെവൽ ക്രോസുകളൊഴിവാക്കാനുള്ള 27 മേൽപ്പാലങ്ങളുടെ നിർമ്മാണച്ചുമതല, തിരുവനന്തപുരം സെൻട്രൽ, വർക്കല റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള 572.5കോടിയുടെ കരാർ എന്നിവ കെ-റെയിലിനാണ്.

വയനാട് എയർസ്ട്രിപ്പ് പദ്ധതിയുടെ കൺസൾട്ടന്റുമാണ്. കിഫ്ബി ഫണ്ടുപയോഗിച്ച് കെ.എസ്.ആർ.ടി.സി നടത്തുന്ന ജോലികളുടെ കൺസൾട്ടൻസിയുമുണ്ട്. തലശേരി-മൈസൂർ, അങ്കമാലി-എരുമേലി ശബരിപാത, നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത എന്നിവയുടെ പ്രോജക്ടുണ്ടാക്കുന്ന ചുമതലയുമുണ്ട്. തലശേരി-മൈസൂർ പാതയെ പരിസ്ഥിതിപ്രശ്നം ചൂണ്ടിക്കാട്ടി കർണാടകം എതിർക്കുകയാണ്.

നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്ക് കർണാടക ഭാഗത്തുള്ള സർവേ അവർ അനുവദിച്ചിട്ടില്ല. 200കി.മീറ്റർ പാതയിൽ 68.5കി.മീറ്റർ ദേശീയോദ്യാനത്തിലൂടെയും 11.5കി.മീറ്റർ ബന്ദിപ്പൂർ കടുവാസങ്കേതത്തിലൂടെയുമാണ്. ഇതൊഴിവാക്കി കെ-റെയിൽ പുതിയ രൂപരേഖയുണ്ടാക്കിയിട്ടുണ്ട്. നിലമ്പൂർ-നഞ്ചൻകോട്, തലശേരി-മൈസൂർ പാതകൾ കൽപ്പറ്റയിൽ വച്ച് യോജിച്ച് വനത്തിലൂടെ ഭൂഗർഭതുരങ്കം വഴി കർണാടകയിലെത്തുന്നതാണ് രൂപരേഖ. സർവേ നടത്താൻ കർണാടകയുടെ അനുമതി നേടിയെടുക്കാനുള്ള ദൗത്യവും സർക്കാർ കെ-റെയിലിനെ ഏൽപ്പിച്ചു. ശബരിപാതയുടെ നിർമ്മാണമേറ്റെടുക്കാനും കെ-റെയിൽ സന്നദ്ധതയറിയിച്ചിട്ടുണ്ട്.

റെയിൽവികാസ് നിഗം ലിമിറ്റഡുമായി ചേർന്നാണ് വികസന പദ്ധതികൾ കെ-റെയിൽ ഏറ്റെടുക്കുന്നത്. എറണാകുളം സൗത്ത്- വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനത്തിനുള്ള 156.47കോടിയുടെ കരാർ ഈ കൺസോർഷ്യത്തിനാണ്. കേരളത്തിലാദ്യമായാണ് ബ്ലോക്ക് സിഗ്നലിംഗ് വരുന്നത്. ഓരോ കിലോമീറ്ററിലും സിഗ്നലുകൾ വരുന്നതോടെ ഒന്നിനുപിറകേ ഒന്നായി ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും. 750ദിവസത്തിനകം പണിപൂർത്തിയാക്കണം.

മരവിച്ച സിൽവർലൈൻ

ഭൂമിയേറ്റെടുക്കലിന് 11ജില്ലകളിലെ 205ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

ഓഫീസുകൾ പൂട്ടി, ഭൂമിയേറ്റെടുക്കൽ മരവിപ്പിച്ചു

കല്ലിട്ടുള്ള സാമൂഹ്യാഘാത പഠനവും അവസാനിപ്പിച്ചു

ജിയോടാഗിംഗ് ഡിജിറ്റൽ സർവേയ്ക്ക് വിജ്ഞാപനമിറക്കിയിട്ടില്ല

റെയിൽവേ ഭൂമിയേറ്റെടുക്കാനുള്ള സംയുക്തസർവേയും നടന്നില്ല

65.72 കോടി

സിൽവർലൈൻ

ഇതുവരെ ചെലവ്


Source link
Exit mobile version