വത്തിക്കാൻ സിറ്റി: മാർപാപ്പയെ ധിക്കരിക്കുക വഴി അച്ചടക്കലംഘനം നടത്തിയ വിവാദ ഇറ്റാലിയൻ ആർച്ച്ബിഷപ് കാർലോ മരിയ വിഗാനോയെ കത്തോലിക്കാ സഭയിൽനിന്നു പുറത്താക്കിയതായി വിശ്വാസ തിരുസംഘം അറിയിച്ചു. മാർപാപ്പയ്ക്കും സഭാ കൂട്ടായ്മയ്ക്കും വിധേയപ്പെടാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയും സഭയിൽ പിളർപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുക വഴി വിഗാനോ കാനോൻ നിയമപ രമായി കുറ്റകൃത്യം ചെയ്തതായി വത്തിക്കാൻ കോടതി കണ്ടെത്തിയിരുന്നു. കടുത്ത യാഥാസ്ഥിതികനായ വിഗാനോ അമേരിക്കയിലെ മുൻ പേപ്പൽ നൂൺഷ്യോകൂടിയാണ്. മാർപാപ്പയുടെ നേതൃത്വത്തെ വിമർശിച്ച് ഇദ്ദേഹം പലകുറി പരസ്യപ്രതികരണങ്ങൾ നടത്തിയിരുന്നു. കൂടാതെ കോവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെയും ബിഷപ്പുമാരെ നിയമിക്കാനായി ചൈനയുമായി വത്തിക്കാൻ ഉണ്ടാക്കിയ ധാരണയെയും ഇദ്ദേഹം പലകുറി പരസ്യമായി വിമർശിച്ചിരുന്നു. ആരോപണങ്ങളിൽ വിശദീകരണം നല്കാനായി വിശ്വാസ തിരുസംഘം മുന്പാകെ കഴിഞ്ഞയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. സഭാ കൂട്ടായ്മയിൽനിന്നു പുറത്താക്കിയെങ്കിലും തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ചുവരാൻ ഇദ്ദേഹത്തിന് അവസരമുണ്ട്.
Source link