ചിരി മേൽവിലാസമാക്കിയ ധർമജൻ ബോൾഗാട്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്വന്തം പേജിൽ പങ്കുവച്ച ഒരു വിവാഹ വിശേഷം വായിച്ച സുഹൃത്തുക്കളും ആരാധകരും ആദ്യം കരുതി അത് താരത്തിന്റെ കുസൃതിയാണെന്ന്. എന്നാൽ പിന്നീട് കാര്യമറിഞ്ഞപ്പോൾ എല്ലാവരും താരത്തെ അഭിനന്ദിച്ചു. വർഷങ്ങൾക്കു മുൻപ് ഒരുമിച്ചു താമസിക്കാൻ തീരുമാനിച്ച് അമ്പലത്തിൽവച്ചു വിവാഹിതരായ ധർമജനും അനൂജയും ആ വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല. ഒരുമിച്ചുള്ള ജീവിതത്തിന് നിയമസാധുത ഉറപ്പാക്കാൻ ധർമജൻ നടത്തിയ റജിസ്റ്റർ മാര്യേജ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. കൂടുതൽ പേരും ധർമജനെ അഭിനന്ദിച്ചപ്പോൾ ചെറിയൊരു വിഭാഗം വിമർശനങ്ങളുമായി കമന്റ് ബോക്സിലെത്തി. എന്നാൽ കമന്റുകൾക്കു വേണ്ടിയല്ല വിവാഹം റജിസ്റ്റർ ചെയ്തതെന്ന് തുറന്നു പറയുകയാണ് ധർമജൻ.
സർട്ടിഫിക്കറ്റില്ലാതെ 16 വർഷം
‘‘ 16 വർഷം മുൻപ് ഞാൻകൂടി കമ്മിറ്റി അംഗം ആയിരുന്ന ദേവസ്വം ബോർഡ് അമ്പലത്തിലാണ് പെട്ടെന്നൊരു ദിവസം വിവാഹം നടത്തിയത്. അമ്പലത്തിൽവച്ചു താലി കെട്ടി. പക്ഷേ, വിവാഹം റജിസ്റ്റർ ചെയ്യാൻ വിട്ടുപോയി. 16 വർഷം ഇതില്ലാതെ ജീവിക്കാൻ പറ്റുമെന്ന് തെളിയിക്കുകയും ചെയ്തു. പക്ഷേ, കുട്ടികളൊക്കെ വലുതായി വരികയാണ്. വിവാഹത്തിന് ഒരു നിയമസാധുത വേണമെന്നു തോന്നി. അങ്ങനെയാണ് ഇപ്പോൾ റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.
പിഷാരടിയുടെ ചോദ്യം
‘‘പ്രോഗ്രാമുകളുടെ തിരക്കിനിടെ വിവാഹം റജിസ്റ്റർ ചെയ്യുന്ന കാര്യം മറന്നുപോയി. അമ്പലത്തിൽ റജിസ്റ്റർ ചെയ്ത രേഖ കയ്യിലുണ്ടല്ലോ എന്നതായിരുന്നു ധൈര്യം. പക്ഷേ, ചില ഔദ്യോഗിക കാര്യങ്ങളിൽ അതു പ്രാവർത്തികമാകില്ല എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. ഇതറിഞ്ഞ് എന്നോടു പിഷാരടി ചോദിച്ചത്, ‘നീ ഇതുവരെ ചെയ്തിട്ടില്ലേ’ എന്നായിരുന്നു. അങ്ങനെയാണ് ഈ തീരുമാനത്തിലെത്തിയത്.
മക്കളും ഹാപ്പി
‘‘ഞങ്ങൾ റജിസ്റ്റർ ചെയ്ത റജിസ്റ്റർ ഓഫിസിനു മുൻപിൽ ഒരു അമ്പലമുണ്ട്. അവിടെ പോയി മാലയിട്ടു. പണ്ട് വിവാഹം ചെയ്തതിന്റെ ഫോട്ടോ ഒന്നും കയ്യിലുണ്ടായിരുന്നില്ല. അതുകൊണ്ട്, ഫോട്ടോ കൂടി എടുത്തേക്കാം എന്നു കരുതി. പിന്നെ, മക്കൾ മാലയെടുത്തു തന്ന് വിവാഹിതരാകുന്നത് വളരെ പോസിറ്റീവായ കാര്യമല്ലേ? പലരും മക്കളോടും പറഞ്ഞത്, അവർ ഭാഗ്യം ചെയ്ത മക്കളാണെന്നാണ്. കാരണം, അവർക്ക് അച്ഛന്റെയും അമ്മയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയല്ലോ! മക്കളായ വൈഗയും വേദയും അതേ ആവേശത്തിൽ ഈ കാര്യത്തെ സ്വീകരിച്ചു.
ലഭിച്ചത് അഭിനന്ദനങ്ങൾ
‘‘അമ്മയുടെ ജനറൽ ബോഡിയിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും കണ്ടപ്പോൾ എല്ലാവരും പോസിറ്റീവ് കമന്റുകളാണ് പറഞ്ഞത്. ചിലർ എന്നെ വിളിച്ച് വിവാഹം റജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ അന്വേഷിച്ചു. എന്നെപ്പോലെ വിവാഹം ചെയ്തവരുമുണ്ടാകുമല്ലോ. ഒരു രാജ്യാന്തര ട്രിപ്പ് പോകുമ്പോഴോ മറ്റോ ആകും ഇതൊരു നൂലാമാലയായി വരിക.
ഞാനെന്തിന് നാണിക്കണം?
‘‘ചിലർ ചോദിച്ചു, നിങ്ങൾക്ക് നാണമില്ലേ എന്ന്! എനിക്ക് ഒരു നാണവും ഉണ്ടായിരുന്നില്ല. എന്റെ ഉദ്ദേശ്യം എന്താണെന്ന് കൃത്യമായി അറിയാം. പിന്നെ, നാണിക്കാൻ എന്തിരിക്കുന്നു? വിവാഹം കഴിഞ്ഞ് മണവാളനും മണവാട്ടിയുമായി നടക്കുന്ന സംഗതിയൊന്നും അല്ലല്ലോ. ഞങ്ങൾ ഞങ്ങളുടെ പതിവു ജീവിതം തന്നെയാണ് തുടരുന്നത്. വിവാഹം റജിസ്റ്റർ ചെയ്തത് വെറും ഒരു മണിക്കൂർ നേരത്തെ പരിപാടിയിൽ ഒതുങ്ങുമെന്നു കരുതിയത് ഒരു ദിവസം നീണ്ടു നിന്നു എന്നതു മാത്രമാണ് അപ്രതീക്ഷിതമായി നടന്നത്. കാരണം, മാധ്യമങ്ങൾ വീട്ടിലെത്തി. യാതൊരു ചടങ്ങും പ്ലാനിൽ ഉണ്ടായിരുന്നില്ല. ചടങ്ങാക്കിത്തീർത്തത് മാധ്യമങ്ങളാണ്.
Source link