‘കേരളത്തിലെ റോഡില്‍ നടക്കണമെങ്കില്‍ ആ സിനിമ നടന്റെ സ്‌റ്റൈല്‍ അനുകരിക്കണം’, വിമര്‍ശനം

തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥ സംസ്ഥാന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേരളത്തില്‍ ഇപ്പോള്‍ റോഡിലൂടെ നടക്കണമെങ്കില്‍ മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു വെള്ളം എന്ന് പറയുമ്പോള്‍ ചാടി ചാടി പോകുന്നത് പോലെ പോകണമെന്ന് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം പരിഹസിച്ചു.

റോഡുകളുടെ ദുരവസ്ഥ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കാന്തപുരം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയിരുന്നു. വെള്ളിയാഴ്ചകളില്‍ അടിയന്തര പ്രമേയങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു സ്പീക്കറുടെ ആവശ്യം.

റോഡ് നിര്‍മാണത്തിന് മാത്രമല്ല, പരിപാലനത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും, സംസ്ഥാനത്തെ റോഡുകളില്‍ മഹാഭൂരിപക്ഷവും ഗതാഗതയോഗ്യമാണെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രതികരണം. പരിപാലനത്തിന് മാത്രമായി 824 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷം വാഹന നികുതി മാത്രം ഈടാക്കുന്നത് 6000 കോടിയാണെന്നും എന്നിട്ടും റോഡിലൂടെ ജനങ്ങള്‍ക്ക് ചാടിച്ചാടി പോകേണ്ട സ്ഥിതിയാണെന്നും കാന്തപുരം തിരിച്ചടിച്ചു. 2023ല്‍ മാത്രം റോഡുകളില്‍ നാലായിരത്തില്‍പരം ജീവന്‍ പൊലിഞ്ഞതായാണ് എംഎല്‍എ വ്യക്തമാക്കിയത്.

സംസ്ഥാനത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളിലും ജംഗ്ഷനുകളിലും പോലും ഇതാണ് അവസ്ഥയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കുഴിയില്ലാത്ത റോഡിലൂടെ സഞ്ചരിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് 16 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടിവന്നുവെന്നും എന്നാല്‍ സാധാരണക്കാര്‍ക്ക് അങ്ങനെ കഴിയില്ലെന്നും എംഎല്‍എ ആരോപിച്ചു.


Source link

Exit mobile version