വൂൾഫ്സ് സല്യൂട്ട്; തുർക്കി താരം പുറത്ത്
ജോസ് കുന്പിളുവേലിൽ മ്യൂണിക്: യുവേഫ യൂറോ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ നെതർലൻഡ്സിനെ നേരിടാനൊരുങ്ങുന്ന തുർക്കിക്ക് അപ്രതീക്ഷിത പ്രഹരം. പ്രീക്വാർട്ടറിൽ 2-1ന് ഓസ്ട്രിയയെ കീഴടക്കിയപ്പോൾ തുർക്കിയുടെ രണ്ടു ഗോളും സ്വന്തമാക്കിയ മെറിഹ് ഡെമിറൽ സസ്പെൻഷനെത്തുടർന്ന് നെതർലൻഡ്സിനെതിരേ ഇറങ്ങില്ല. ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയശേഷം ഡെമിറൽ നടത്തിയ ‘വൂൾഫ്സ് സല്യൂട്ട്’ ആണ് വിലക്കു ക്ഷണിച്ചുവരുത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തിയശേഷം രണ്ടു മത്സര വിലക്ക് യുവേഫ ഏർപ്പെടുത്തുകയായിരുന്നു. കൈയുടെ നടുവിരലും മോതിരവിരലും തള്ളവിരലിലേക്ക് ചേർത്തുവച്ചുള്ളതാണ് വൂൾഫ്സ് സല്യൂട്ട്. ഇരുകൈയും വായുവിലേക്കുയർത്തിയായിരുന്നു മെറിഹ് ഡെമിറൽ ഗോളാഘോഷിച്ചത്. ഈ ആഘോഷത്തിന്റെ ചിത്രം ഡെമിറൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ‘ഗ്രേ വൂൾഫ്സ്’ എന്ന കൈ ചിഹ്നമാണിത്. ജർമനിയിലെ വലതുപക്ഷ തീവ്രവാദിപ്രസ്ഥാനക്കാർ ‘ഗ്രേ വുൾഫ്സ്’ എന്നാണറിയപ്പെടുന്നത്. രാഷ്ട്രീയ കാര്യങ്ങൾ കായികവേദിയിൽ പ്രകടപ്പിക്കുന്നത് യുവേഫ വിലക്കിയിരുന്നു. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30നാണ് തുർക്കി x നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ. ഇതുവരെ 14 തവണ നടന്ന നേർക്കുനേർ പോരാട്ടങ്ങളിൽ ആറു ജയം നെതർലൻഡ്സിന് അവകാശപ്പെട്ടതാണ്. നാലെണ്ണത്തിൽ തുർക്കി ജയം സ്വന്തമാക്കി. 2008നുശേഷം ആദ്യമായാണ് തുർക്കി യൂറോ കപ്പ് ക്വാർട്ടറിൽ എത്തുന്നത്.
Source link