തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ പണം നൽകുന്നില്ലെന്ന പ്രതിപക്ഷ ആരോപണവും ഭരണപക്ഷം തീർത്ത പ്രതിരോധവും ഇന്നലെ നിയമസഭയെ ചൂടേറിയ വാദപ്രതിവാദങ്ങളുടെ വേദിയാക്കി. ആവശ്യത്തിന് ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തുഞെരിക്കുകയാണെന്നും അവയുടെ നിലനിൽപ്പ് അപകടത്തിലാണെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ അങ്ങേയറ്റത്തെ ആത്മാർത്ഥതയാണ് കാട്ടുന്നതെന്നും എല്ലായ്പ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും ഈ വർഷം ആദ്യ മൂന്നുമാസം 3887.02 കോടിരൂപ അനുവദിച്ചതായും മന്ത്രി എം.ബി. രാജേഷ് വിശദീകരിച്ചു. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രാദേശിക വികസനം വഴിമുട്ടിയെന്ന് സതീശൻ
സംസ്ഥാനത്ത് പ്രാദേശിക വികസനം വഴിമുട്ടിയെന്നും അധികാര വികേന്ദ്രീകരണ സങ്കൽപ്പം തകർന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. 1135 കോടി രൂപയുടെ 40,885 ബില്ലുകൾ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പ്ലാൻ എക്സ്പെൻഡിച്ചർ പൂജ്യമാണ്. പദ്ധതി വിഹിതം 80 ശതമാനത്തിൽ താഴെയാണ് ചെലവഴിക്കുന്നതെങ്കിൽ ബാക്കി തുക തദ്ദേശസ്ഥാപനത്തിന് നഷ്ടമാകും. പഞ്ചായത്തിൽ പുല്ലുവെട്ടുന്നതിന് പോലും പണം നൽകാനാവാത്ത സ്ഥിതിയാണ്. 2019-20ൽ 7,209 കോടിയായിരുന്ന തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബഡ്ജറ്റ് വിഹിതം 2023 -24ൽ 7460 കോടിയിലാണ് എത്തിനിൽക്കുന്നത്. നാലുവർഷം കൊണ്ട് 250കോടി രൂപയുടെ വർദ്ധന മാത്രം. പരമദയനീയമായ സ്ഥിതിയിലാണ് തദ്ദേശ സ്ഥാപനങ്ങളെന്നും സതീശൻ പറഞ്ഞു.
പ്രശ്നപരിഹാരത്തിന് നടപടി: എം.ബി. രാജേഷ്
വർഷാവസാനത്തെ ട്രഷറി നിയന്ത്രണം കാരണം തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ ലഘൂകരിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. 2023-24ൽ ട്രഷറി ക്യൂവിലായ തുകയോ അതിന്റെ 20 ശതമാനം ക്യാരിഓവറോ ഏതാണോ അധികം അത് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നത് പരിശോധിക്കുകയാണ്. 2023-24ൽ 27.19%, 24-25ൽ 28.09% എന്നിങ്ങനെ ഗ്രാന്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. 24 നഗരസഭകൾക്ക് കേന്ദ്ര ധനകാര്യ കമ്മിഷൻ ചില്ലിക്കാശ് നൽകിയിട്ടില്ല. സംസ്ഥാന സർക്കാരിനെ മറികടന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നേരിട്ട് അനുവദിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞു.
കറവപ്പശുവാക്കിയെന്ന് സിദ്ദിഖ്
സർക്കാരിന്റെ പരിപാടികൾക്ക് പണം വാങ്ങാനുള്ള കറവപ്പശുവായി തദ്ദേശസ്ഥാപനങ്ങളെ മാറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ടി.സിദ്ദിഖ് പറഞ്ഞു. പ്രവൃത്തികൾ ഏറ്റെടുക്കാനാകാതെ തദ്ദേശസ്ഥാപനങ്ങൾ പൊതുജനമദ്ധ്യത്തിൽ അപമാനിതരാകുന്നു. 105 പഞ്ചായത്തുകൾക്ക് സെക്രട്ടറിയില്ല. മിക്കയിടത്തും മതിയായ ജീവനക്കാരുമില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.
Source link