തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ കമ്പ്യൂട്ടർവത്കരണം ആറ്മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിയമസഭയെ അറിയിച്ചു. റെയിൽവേസ്റ്റേഷൻ മാതൃകയിലേക്ക് ബസ്റ്റാൻഡുകൾ മാറും.
ബസുകൾ സ്റ്റാൻഡിലേക്കുള്ള വരവും പോക്കും സ്‌ക്രീനിൽ തെളിയും. അനൗൺസ്‌മെന്റ് സംവിധാനവും ഉണ്ടാകും.
തത്സമയ ടിക്കറ്റിംഗ് ഉൾപ്പടെ പൂർണമായും കറൻസി രഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറും.
എം.എൽ.എ മാരുടെ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ വാങ്ങുന്നതിന് പ്രത്യേക ഉത്തരവ് സർക്കാർ ഇറക്കും. അനുവദിക്കുന്ന തുക ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങാൻ കെ.എസ്.ആർ.ടി.സി എം.ഡിക്ക് അധികാരം നൽകും. കെ.എസ്.ആർ.ടി.സിയുടെ 65 ശതമാനം കടമുറികൾ ഒഴിഞ്ഞ് കിടക്കുകയാണ്. ടെൻഡറിൽ പങ്കെടുക്കുന്നതിന് പോലും ഉയർന്ന തുക ആവശ്യപ്പെടുന്നതാണ് കച്ചവടക്കാരെ പിൻതിരിപ്പിക്കുന്നത്. വാടക നിരക്ക് പുനർനിശ്ചയിക്കും.
ടോയ്‌ലെറ്റുകൾ
സുലഭ് ഏജൻസിക്ക്
കെ.എസ്.ആർ.ടി.സിയുടെ ടോയ്‌ലെറ്റുകൾ സുലഭ് ഏജൻസിക്ക് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. 22 എണ്ണം കൈമാറാനായിരുന്നു പ്രാഥമിക ധാരണ. എന്നാൽ അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം പലകോണുകളിൽ നിന്നുമുണ്ടായി. നല്ല രീതിയിൽ പ്രവർത്തിപ്പിച്ചാൽ അത് കേടാക്കിയശേഷം പരാതി കൊടുക്കുന്ന രീതിക്ക് പരിഹാരം കാണും.
ശമ്പളം ഒറ്റത്തവണയായി നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ബാങ്ക് ഓവർ ഡ്രാഫ്റ്റിലൂടെയാണ് ധനസമാഹരണം. ഒന്നര മാസത്തിനുള്ളിൽ ഒറ്റത്തവണയായി ശമ്പളം കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കെ.എസ്.ആർ.ടി.സിയുടെ ദേശസാത്കൃത റൂട്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടുതൽ എ.സി ബസുകൾ സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
വാഹനം പൊളിക്കൽ കേന്ദ്രങ്ങൾക്ക് ഉടൻ ടെൻഡർ
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ഉടൻ ടെൻഡർ വിളിക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ നിയമസഭയെ അറിയിച്ചു. പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു.
സർക്കാർ ഉടമസ്ഥതയിലെ പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പകരം കേന്ദ്രസഹായമായി 150 കോടി രൂപ ലഭിക്കാനുണ്ട്. ഈ തുക ലഭിക്കുന്നതിന് പൊളിക്കൽ കേന്ദ്രങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം ആവശ്യമാണ്. ഇതിനായാണ് നടപടികൾ വേഗത്തിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Source link