ഭരണവിരുദ്ധ വികാരം തിരിച്ചടിയായി, തിരുത്തിയില്ലെങ്കിൽ വൻപ്രത്യാഘാതം നേരിടേണ്ടി വരും, സി പി എം സിസിയിൽ പിണറായി സർക്കാരിന് വിമർശനം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കടുത്ത ഭരണവിരുദ്ധ വികാരം കേരളത്തിൽ തിരിച്ചടിക്ക് കാരണമായതായി സി.പി,എം കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി. ആഴത്തിലുള്ള പരിശോധന നടത്തി തെറ്റുതിരുത്തിയില്ലെങ്കിൽ വൻപ്രത്യാഘാതം നേരിടേണ്ടി വരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന വിധത്തിൽ താഴെത്തട്ടിലേക്ക് കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന നിർദ്ദേശവുമുയർന്നു. പാർട്ടി മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് വ്യതിചലിച്ചത് വർഗ വിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും അവരെ അകറ്റുകയും ചെയ്തു. ഇതാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ഇടയാക്കിയത്. അതു വീണ്ടെടുക്കാൻ പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണം.
പാർട്ടി വോട്ടുകളിലെ ചോർച്ച ഗൗരവമായി കാണണം. കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയും പാർട്ടി വോട്ടുകൾ അവർക്ക് ലഭിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് കേരള ഘടകം മുന്നോട്ടു വച്ചകാര്യങ്ങൾ യെച്ചൂരിയുടെ റിപ്പോർട്ടിൽ തള്ളിയിരുന്നു. തോൽവിയെ മാർക്സിയൻ വീക്ഷണ കോണിൽ വിശകലനം ചെയ്യാതെ ജാതിമത വിഭാഗങ്ങൾ അകന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും വിമർശിച്ചിരുന്നു.
Source link