എസ്.എഫ്.ഐ അക്രമത്തിൽ ബഹളം
നിയമസഭ ഇന്നലത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രീ, മഹാരാജാവാണെന്നാണ് നിങ്ങളുടെ ഭാവം. അല്ലെന്ന് തിരഞ്ഞെടുപ്പിൽ ജനം ബോദ്ധ്യപ്പെടുത്തിയില്ലേ…
ഞാൻ മഹാരാജവല്ല. ജനങ്ങളുടെ ദാസനാണ്. ജനങ്ങൾക്കു വേണ്ടി എന്തും ചെയ്യും…
കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐ ആക്രമണത്തിൽ അടിയന്തര പ്രമേയ നീക്കം നിയമസഭ അടുത്തകാലത്ത് കണ്ടിട്ടില്ലാത്തവിധം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിന് സാക്ഷ്യം വഹിച്ചു. ഭരണ, പ്രതിപക്ഷാംഗങ്ങൾ പോർവിളിച്ച് അണിനിരന്നതോടെ സഭാന്തരീക്ഷം കലുഷിതമായി. സ്പീക്കർ നടപടികൾ വേഗത്തിലാക്കി സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
കെ.എസ്.യു നേതാവിനെ ആക്രമിച്ച സംഭവത്തിൽ എം.വിൻസെന്റാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. വിൻസെന്റ് പ്രസംഗിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുമ്പോഴും ഇരുപക്ഷത്തും പ്രതിഷേധമുയർന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കാൻ തുടങ്ങിയതോടെ അത് പാരമ്യതയിലെത്തി. മറുപടി പറയാൻ പലതവണ മന്ത്രി എം.ബി. രാജേഷ് എഴുന്നേറ്റെങ്കിലും സതീശൻ വഴങ്ങാത്തത് ബഹളം ശക്തമാക്കി. തുടർന്ന് അംഗങ്ങൾ പരസ്പരം പോർവിളിതുടങ്ങി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെയാണ് നടപടികൾ വേഗത്തിൽ അവസാനിപ്പിച്ചത്.
അത് രക്ഷാപ്രവർത്തനം
തന്നെ: പിണറായി
നവകേരള ബസിന് മുന്നിലേക്ക് ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവർത്തനമല്ലേ? അതെങ്ങനെ കുറ്റമാവും. മാദ്ധ്യമങ്ങൾ ഒച്ചയിട്ടതു കൊണ്ട് അങ്ങനെയല്ലാതാകുന്നില്ല. ഞാൻ കണ്ടത് അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും
വയനാട്ടിൽ രാഹുലിന്റെ ഓഫീസിലെ ഗാന്ധിചിത്രം കോൺഗ്രസുകാർ തകർത്തശേഷം എസ്.എഫ്.ഐയാണെന്ന് പ്രചരിപ്പിച്ചു. ധീരജ് മരണം ഇരന്നു വാങ്ങിയെന്നാണ് ഇവരുടെ നേതാവ് പറഞ്ഞത്. യുണിവേഴ്സിറ്റി കോളേജിൽ ചാപ്പകുത്തിയെന്നു പറയപ്പെട്ട കെ.എസ്.യുക്കാരൻതന്നെ ഗൂഢാലോചനയെന്ന് ഏറ്റുപറഞ്ഞു
എസ്.എഫ്.ഐ, ആക്രമണങ്ങളെ നേരിട്ടാണ് വളർന്നത്. പ്രസ്ഥാനത്തിൽ നടക്കാൻ പാടില്ലാത്തതുണ്ടെങ്കിൽ ന്യായീകരിക്കില്ല. സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പറഞ്ഞത് സമ്മതിച്ചു. പ്രതികൾ പരീക്ഷ എഴുതിയെങ്കിലത് സർവകലാശാലയുടെയും കോടതിയുടെയും കാര്യം
ഗുണ്ടാപ്പട കൊണ്ടേ
പോകൂ: സതീശൻ
മുഖ്യമന്ത്രിയുടേത് അക്രമികൾക്ക് അഴിഞ്ഞാടുന്നതിനുള്ള രാഷ്ട്രീയ രക്ഷാകർതൃത്വമാണ്. രക്ഷാപ്രവർത്തനമെന്ന വാക്കുകൾ തിരുത്തില്ലെന്നത് മുഖ്യമന്ത്രിയുടെ ഉറച്ച പ്രഖ്യാപനമാണ്. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇൻകുബേറ്ററിൽ വിരിയിച്ചെടുക്കുന്ന ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേപോകൂ
കൊയിലാണ്ടിയിൽ എസ്.എഫ്.ഐക്കാർ പ്രിൻസിപ്പലിന്റെ മുഖത്തടിച്ചു. പ്രിൻസിപ്പലിന്റെ രണ്ടു കാലും കൊത്തിയെടുക്കുമെന്നും അദ്ധ്യാപകരെ കൊണ്ടുപോകാൻ രണ്ട് ആംബുലൻസ് കൂടി കൊണ്ടുവരേണ്ടിവരുമെന്നും എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി പ്രസംഗിച്ചു
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ കൃഷ്ണപിള്ളയുടെ സ്മാരകം തല്ലിത്തകർത്തത് നിങ്ങളല്ലേ? അമിതമായ അധികാരം വന്നപ്പോൾ പാവപ്പെട്ട കുട്ടികളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവരെയടക്കം നിങ്ങൾ ന്യായീകരിച്ചില്ലേ
Source link