കൊച്ചി: വിദ്യാഭ്യാസത്തിലും പുരോഗമന നിലപാടുകളിലും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്ന് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി പറഞ്ഞു. യാത്രഅയപ്പിനോടനുബന്ധിച്ച് ഹൈക്കോടതിയിൽ നടന്ന ഫുൾകോർട്ട് റഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, ജീവിതനിലവാരം എന്നിവയിലെല്ലാം കേരളം മുന്നിലാണ്. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനാൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. നിയമരംഗത്ത് കൂടുതൽ വനിതകൾ കടന്നുവരുന്ന സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായ് തുടങ്ങിയവർ സംസാരിച്ചു. സഹ ജഡ്ജിമാർ, മുൻ ജഡ്ജിമാർ, കോടതി ഉദ്യോഗസ്ഥർ, മുതിർന്ന അഭിഭാഷകർ തുടങ്ങിയവർ പങ്കെടുത്തു.
Source link