CINEMA

മഹാഭാരതം വളച്ചൊടിച്ചു, സിനിമയിലുള്ളത് പറയാത്ത കാര്യങ്ങൾ: ‘കൽക്കി’ക്കെതിരെ മുകേഷ് ഖന്ന

തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ‘കൽക്കി 2898എഡി’ സിനിമയെ വിമർശിച്ച് നടൻ മുകേഷ് ഖന്ന. ചിത്രത്തിലെ ദീപിക, പ്രഭാസ്, അമിതാഭ് ബച്ചൻ എന്നിവരുടെ പ്രകടനത്തെയും വിഷ്വല്‍ എഫക്ടിനെയും പ്രശംസിച്ച മുകേഷ് ഖന്ന, മഹാഭാരത്തെ ഏതാനും ഭാഗങ്ങള്‍ വളച്ചൊടിച്ച അണിയറ പ്രവര്‍ത്തകരുടെ തീരുമാനം തെറ്റായിപ്പോയെന്ന് പറയുന്നു.
‘‘അവതാര്‍ പോലുള്ള ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായ നിലവാരം ‘കല്‍ക്കി’ പുലര്‍ത്തുന്നു. അഭിനേതാക്കളുടെ പ്രകടനവും മനോഹരംതന്നെ. എന്നാൽ ഇടവേള വരെ ചിത്രം ബോർ ആണെന്ന് ചിലർ പറഞ്ഞിരുന്നു. ഞാൻ എന്റെ സ്റ്റാഫിനെയും കൂട്ടിയാണ് സിനിമയ്ക്കു പോയത്. എന്നാൽ സെക്കൻഡ് ഹാഫ് ഗംഭീരമായിരുന്നുവെന്ന് പറയാതെ വയ്യ.

എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം, അവർ സിനിമയിലെ പുരാണകഥകൾ മാറ്റാൻ ശ്രമിച്ചു എന്നതാണ്. തുടക്കത്തിൽ നിങ്ങൾ കാണുന്നത് ശ്രീകൃഷ്ണൻ വന്ന് അശ്വത്ഥാമായുടെ നെറ്റിയിൽ നിന്ന് ശിവമണി എടുക്കുകയും,അശ്വത്ഥാമാ ഭാവിയില്‍ തന്‍റെ  രക്ഷകനാകുമെന്ന് അവനോട് പറയുകയും ചെയ്യുന്നു. ഭഗവാൻ കൃഷ്ണൻ ഇത് ഒരിക്കലും പറഞ്ഞിട്ടില്ല. 
നമ്മുടെ പുരാണങ്ങളിൽ പോലും ഉൾപ്പെടാത്ത കാര്യങ്ങൾ നിങ്ങൾ സ്വന്തമായി ചേർക്കുന്നത് എന്തിനാണെന്ന്. അശ്വത്ഥാമായുടെ നെറ്റിയിലെ ശിവമണി പാണ്ഡവർ അർജുനും ഭീമനും ചേർന്ന് പുറത്തെടുത്ത് അത് ദ്രൗപതിക്ക് നൽകി. രാത്രിയുടെ മറവിൽ പാണ്ഡവരുടെ പാളയത്തിൽ പ്രവേശിച്ച് ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ കൊന്നതിന്‍റെ പ്രതികാരമായിരുന്നു അത്.

വ്യാസമുനിയെക്കാള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് എങ്ങനെ കരുതുന്നു. കുട്ടിക്കാലം മുതല്‍ മഹാഭാരതം വായിക്കുന്ന വ്യക്തിയാണ് താന്‍. മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ താന്‍ കല്‍ക്കിയായി ജനിക്കുമെന്നോ അശ്വത്ഥാമാ ഭാവിയില്‍ തന്റെ രക്ഷകനാകുമെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല.കൃഷ്ണനെപ്പോലെ ശക്തനായ ഒരാള്‍ അശ്വത്ഥാമായെപ്പോലുള്ള ഒരാളോട് തന്നെ സംരക്ഷിക്കാന്‍ എങ്ങനെ ആവശ്യപ്പെടും?.
കർണൻ ഒരിക്കലും പുനർജനിക്കില്ല. ഈ വിഷയങ്ങളിൽ എനിക്ക് എതിർപ്പുണ്ട്, ഓരോ സനാതന ഹിന്ദുവിനും ഇതിൽ എതിർപ്പ് ഉണ്ടായിരിക്കണം. ആദിപുരുഷിൽ പോലും നിങ്ങൾ ഞങ്ങളുടെ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ കളിയാക്കി. ‘പികെ’യിൽ  നിങ്ങൾ ശിവനെ ഓടിച്ചു. നിങ്ങൾ ഞങ്ങളുടെ മതവുമായി കലഹിക്കുന്നു. 2898 എഡി കൽക്കിയിൽ പോലും, നിങ്ങൾ എടുത്ത സ്വാതന്ത്ര്യം, താൻ കൽക്കിയായി ജനിക്കുമെന്ന് കൃഷ്ണൻ എവിടെയാണ് പറഞ്ഞതെന്ന് എനിക്ക് കാണിച്ചുതരൂ. തെന്നിന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മറ്റുള്ളവരേക്കാള്‍ വിശ്വാസങ്ങളെയും പാരമ്പര്യത്തെയും ബഹുമാനിക്കുന്നവരാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ എന്താണ് സംഭവിച്ചത്. മഹാഭാരതമോ രാമായണമോ ഗീതയോ പോലുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ സിനിമയാക്കുമ്പോള്‍ തിരക്കഥ പരിശോധിക്കാനും നിയന്ത്രിക്കാനും സര്‍ക്കാര്‍ കമ്മിറ്റിയുണ്ടാക്കണം.’’–മുകേഷ് ഖന്നയുടെ വാക്കുകൾ.

ബി.ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ഭീഷ്മരായി അഭിനയിച്ച നടന്‍ കൂടിയാണ് മുകേഷ് ഖന്ന. 

English Summary:
Mukesh Khanna slams Kalki 2898 AD for tampering elements of Mahabharat


Source link

Related Articles

Back to top button