KERALAMLATEST NEWS

പാത്തുമ്മയുടെ ആടിലെ പാത്തുക്കുട്ടി ഹാപ്പി , ബഷീറിന്റെ ഓർമ്മകൾക്ക് ഇന്ന് മുപ്പതാണ്ട്

കോട്ടയം: വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആടിലെ” പാത്തുക്കുട്ടിക്ക് പൂച്ചകളെ പെരുത്തിഷ്ടമാണ്. അന്നംതേടി വരുന്ന അവയ്ക്ക് ചോറും മീനും ആവോളം നൽകും, ലാളിക്കും. നെല്ലിയും നാരകവും മാവും പ്ളാവുമൊക്കെ നട്ടും നനച്ചും ‘മൂത്താപ്പയുടെ” ഓർമ്മകൾ പങ്കുവച്ചും ചെങ്ങളത്തെ വീട്ടിൽ പാത്തുക്കുട്ടി ഹാപ്പിയാണ്. ബഷീറിന്റെ വിടവാങ്ങലിന് ഇന്ന് മുപ്പതാണ്ട് തികയുമ്പോൾ മൂത്താപ്പയ്ക്കൊപ്പം കുളിക്കാൻ പോയതും ആടിന്റെ വാലിൽ പിടിച്ചതും ചാമ്പങ്ങ വിറ്റതുമൊക്കെ ഇന്നലെയെന്നപോലെ പാത്തുക്കുട്ടി ഓർമ്മിക്കുന്നു.

‘പാത്തുമ്മയുടെ ആടിലെ” കഥാപാത്രങ്ങളിൽ നാലുപേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പാത്തുക്കുട്ടി, സെയ്തുമുഹമ്മദ്, ഖദീജ, ആരിഫ. ബഷീറിന്റെ ഇളയസഹോദരൻ അബ്ദുൾ ഖാദറിന്റെ മൂത്തമകൾ പാത്തുക്കുട്ടിക്ക് പ്രായം 76. ഭർത്താവ് ചെങ്ങളം കരിമ്പിച്ചിറയിൽ അബ്ദുൾഖാദർ ഓർമ്മയായിട്ട് 38 വർഷം. മൂത്തമകൻ മുഹമ്മദ് ഷാഫി കോട്ടയത്ത് ഡെപ്യൂട്ടി കളക്ടർ. രണ്ടാമത്തെ മകൻ നൗഷാദ് സർവെയർ. ചെങ്ങളത്ത് പെട്രോൾ പമ്പ് നടത്തുന്ന ഇളയമകൻ നിസാറിനൊപ്പമാണ് പാത്തുക്കുട്ടി കഴിയുന്നത്.

ബഷീർ പാത്തുക്കുട്ടിക്ക് മൂത്താപ്പയാണ്. ബഷീറിന്റെ പുസ്തകങ്ങളെല്ലാം വായിച്ചിട്ടുണ്ട്. പാത്തുമ്മയുടെ ആടും, വിശ്വവിഖ്യാതമായ മൂക്കും, മതിലുകളും ഏറെയിഷ്ടം. പത്താംക്ളാസ് കഴിഞ്ഞാണ് പാത്തുക്കുട്ടി പാത്തുമ്മയുടെ ആട് വായിക്കുന്നത്. ‘മൂത്താപ്പ എപ്പോഴും യാത്രയായിരുന്നു. വല്ലാത്ത സ്നേഹമായിരുന്നു. വീട്ടിലുള്ളപ്പോൾ ഞങ്ങൾ ചുറ്റും കൂടും” പാത്തുക്കുട്ടി പറഞ്ഞു.

എല്ലാവരും വിരുന്നെത്തുന്നിടം

തൊട്ടടുത്തുള്ള മകൻ മുഹമ്മദ് ഷാഫിയുടെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിലാണ് പൂച്ചകളുള്ളത്. രാവിലെ പാത്തുക്കുട്ടി അവിടെയെത്തും. ചോറും മീനും വച്ച് നൽകും. രണ്ട് ചക്കിപ്പൂച്ചകളാണ് ആദ്യം വന്നുകയറിയത്. പെറ്റുപെരുകി ഇപ്പോൾ എട്ടായി. പേരയ്ക്കയും പുളിയും പൂവൻവാഴയും നിറയെ പൂക്കളുള്ള ചെടികളും നിറഞ്ഞ വീട്ടുമുറ്റം. എല്ലാം പാത്തുക്കുട്ടി തനിയെ നട്ടുപിടിപ്പിച്ചത്. സീസണായാൽ മാവിലും പ്ലാവിലുമൊക്കെ അണ്ണാനും മരംകൊത്തിയും മറ്റ് കിളികളുമൊക്കെ വിരുന്നെത്തും. ബഷീറിനെ പോലെ സമസ്ത ജീവജാലങ്ങൾക്കും പാർക്കാനുള്ളയിടം ഒരുക്കിയിട്ടുണ്ട് പാത്തുക്കുട്ടിയും.


Source link

Related Articles

Back to top button