KERALAMLATEST NEWS

പഠനകാലത്തെ പ്രണയം, അനിലിനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങി; നാടുവിട്ട് പോയെന്ന് കരുതി കലയുടെ ബന്ധുക്കൾ

ആലപ്പുഴ: 15 വർഷം മുമ്പ് കാണാതായ കല നാടുവിട്ടുപോയതാണ് എന്ന വിശ്വാസത്തിലാണ് ഇത്രയും കാലം കഴിഞ്ഞതെന്ന് ബന്ധുക്കൾ. പഠിച്ചുകൊണ്ടിരുന്ന കാലത്ത് അനിൽ കുമാറുമായി പ്രണയത്തിലാകുകയും വീട്ടിൽ നിന്നിറങ്ങി അയാൾക്കൊപ്പം ജീവിതം ആരംഭിക്കുകയും ചെയ്‌തു.

പിന്നീട് അനിൽ കുമാർ ദക്ഷിണാഫ്രിക്കയിൽ പോയപ്പോൾ പാലക്കാട്ടുകാരനായ സൂരജ് എന്നയാൾക്കൊപ്പം കല പോയി. രണ്ട് തവണ വീട്ടിലേക്ക് വിളിച്ചിരുന്നതായി കലയുടെ സഹോദരന്റെ ഭാര്യ ശോഭനകുമാരി പറഞ്ഞു. പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. നാട് വിട്ടതാണെന്ന നിഗമനത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച പൊലീസ് എത്തിയപ്പോഴാണ് കൊല്ലപ്പെട്ടു എന്ന വിവരം ബന്ധുക്കളറിയുന്നത്.

15 വർഷം മുൻപാണ് ചെന്നിത്തല പായിക്കാട്ട് മീനത്തേതിൽ ചെല്ലപ്പൻ – ചന്ദ്രിക ദമ്പതി​കളുടെ മകൾ കലയെ മാന്നാറിൽ നിന്ന് കാണാതാകുന്നത്. അന്ന് മകന് ഒരു വയസ് മാത്രമായിരുന്നു പ്രായം. ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്പള്ളിൽ അനിലാണ് ഭർത്താവ്. കലയെ കാണാതായതിന് പിന്നാലെ ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. കലയെ കണ്ടെത്താനെന്ന പേരിൽ പലയിടത്തും ചുറ്റിക്കറങ്ങി. ഇതിനിടെ കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റാർക്കോ ഒപ്പം ഒളിച്ചോടിയെന്നാണ് അനിൽ പ്രചരിപ്പിച്ചത്. പിന്നീട് അനിൽ രണ്ടാമത് വിവാഹം കഴിച്ചു. അവരുടെ ഒപ്പമാണ് ഇപ്പോൾ കലയുടെ മകൻ താമസിക്കുന്നത്.

സംഭവത്തിൽ അ‌ഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനിലിന്റെ സഹോദരീ ഭർത്താവ് സോമരാജൻ, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ്‌കുമാർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊലയുടെ സൂത്രധാരൻ അനിലാണെന്ന് ജി​ല്ലാ പൊലീസ് മേധാവി​ ചൈത്രാ തെരേസ ജോൺ പറഞ്ഞിരുന്നു. അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. 2009ലാണ് കൊല നടന്നത്. ടൂർ പോകാനെന്ന വ്യാജേന കലയെ കാറിൽ കയറ്റിക്കൊണ്ടുപോയി കുട്ടനാട് ഭാഗത്ത് എത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് കലയെ കാണാനില്ലെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.


Source link

Related Articles

Back to top button