കണ്ണൂർ: പഴശ്ശി ഡാമിനോട് ചേർന്ന പടിയൂർ പൂവത്ത് കാണാതായ രണ്ട് വിദ്യാർത്ഥിനികൾക്കായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ് നാട്. ഇന്നലെ വൈകിട്ടാണ് ഇരുവരെയും കാണാതായത്. ഇന്നലെ വൈകിട്ട് വരെ തിരച്ചിൽ നടത്തിയ സംഘം രാത്രിയോടെ ഇരുവരെയും കണ്ടുകിട്ടാത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുയായിരുന്നു.
മയ്യിൽ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ മൂന്നു വിദ്യാർത്ഥികളുടെ മരണത്തിന്റെ ഞെട്ടൽമാറും മുൻപ് എച്ചൂർ മാവിച്ചേരിയിൽ കഴിഞ്ഞ ദിവസം രണ്ടു വിദ്യാർത്ഥികൾ മരിച്ചു. വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം അടക്കം നൽകി ഇത്തരം അപകടത്തിനുള്ള സാദ്ധ്യത കുറക്കാൻ സർക്കാർ തലത്തിൽ ആലോചിച്ചിരുന്നെങ്കിലും ഫലത്തിലെത്തിയില്ല.
കണ്ണൂർ സ്‌പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കക്കാടുള്ള സ്വിമ്മിംഗ്പൂളിൽ നീന്തൽപരിശീലനം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാ ന ബാലാവകാശ കമ്മീഷന്റെ മുന്നിൽ പോലും പരാതി എത്തിയിരുന്നു. കളക്ടറേറ്റിൽ ഹിയറിംഗ് നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും തുടർനടപടി ഉണ്ടായില്ല.
സ്വകാര്യ സ്വിമ്മിങ് പൂളുകളിലെ പരിശീലനം സാധാരണക്കാരന് അപ്രാപ്യമാണ്. പിന്നെ പരിശീലനത്തിന് ആശ്രയിക്കേണ്ടത് നാട്ടിൻ പുറത്തെ തോടുകളും പുഴകളും കുളങ്ങളുമാണ്. ഇവയിൽ പലതും മലിനപ്പെട്ട നിലയിലുമാണ്. ജലജന്യ രോഗങ്ങളായ അമീബിക്ക് ജ്വരം പോലും റിപ്പോർട്ടു ചെയ്യപ്പെട്ട സാഹചര്യത്തിൽ കുട്ടികളെ നീന്തലിന് അയക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്.
കൂടുതലും അശ്രദ്ധ
അസ്വാഭാവിക മരണങ്ങളിൽ റോഡ് അപകടങ്ങൾ കഴിഞ്ഞാൽ പിന്നിലുള്ളത് മുങ്ങി മരണങ്ങളാണ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണം.അശ്രദ്ധയാണ് കൂടുതൽ മുങ്ങി മരണങ്ങൾക്കും കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നു. ജലാശയങ്ങളിൽ വീണുള്ള അപകടങ്ങളിൽ ഏറെയും ബന്ധുവീടുകളോ സുഹൃത്തുകളുടെ വീടുകളോ സന്ദർശിക്കുമ്പോഴോ വിനോദ യാത്രകളിലോ ആണ്. നീന്തലറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകടമാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക.
കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുക.
നന്നായി പരിശീലനം നേടിയവരിൽ നിന്ന് മാത്രം നീന്തൽ പഠിക്കുക.
മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ, കുളിക്കാനോ, കളിക്കാനോ പോകാൻ അനുവദിക്കരുത്.
വിനോദസഞ്ചാര വേളകളിൽ സുരക്ഷയ്ക്ക് ലൈഫ് ജാക്കറ്റ്, ടയർ ട്യൂബ്, നീളമുള്ള കയർ എന്നിവ കരുതുക.
ശരിയായ പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുക.
ഇറങ്ങുന്നതിനു മുൻപ് ജാലാശയത്തെക്കുറിച്ചു ധാരണയുണ്ടാക്കുക
പരിചിതമില്ലാത്ത ഇടത്തെ വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക
നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക.
നേരം ഇരുട്ടിയ ശേഷം വെള്ളത്തിൽ ഇറങ്ങരുത്.
ചെറുതല്ല കണക്ക്
സംസ്ഥാനത്ത് ആറ് വർഷത്തിനിടെ മുങ്ങി മരിച്ചത് -11,947 പേർ
ആത്മഹത്യ 2687
മൂന്നുവർഷത്തിനിടെ 5247
കഴിഞ്ഞ വർഷം മാത്രം ആകെ 1851.
Source link