‘ഞങ്ങൾക്ക് വിശ്വാസമില്ല’; മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സംഘർഷത്തിന്റെ പേരിൽ ജയിലിൽ കഴിയുന്നയാളുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. ഒരു പ്രത്യേക സമുദായക്കാരനായതിനാലാണ് വിചാരണ തടവുകാരന് ചികിത്സ നൽകാത്തതെന്ന് നിരീക്ഷിച്ച കോടതി, ഞങ്ങൾക്ക് സംസ്ഥാന സർക്കാരിനെ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടി.
‘കുക്കി സമുദായത്തിൽ നിന്നുള്ളയാളായതുകൊണ്ടല്ല പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോയത്? ഖേദിക്കുന്നു…ക്ഷമിക്കണം, ഞങ്ങൾക്ക് സംസ്ഥാനത്തെ വിശ്വാസമില്ല…’- കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. നിലവിൽ മണിപ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കുക്കി വിഭാഗത്തിൽപ്പെട്ട തടവുകാരനെ ഉടൻ ഗുവാഹട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നും ചികിത്സ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
തടവുകാരന്റെ ചികിത്സാ ചെലവ് മണിപ്പൂർ സർക്കാർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ ഈ മാസം പതിനഞ്ചിനകം മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകി. തടവുകാരന് പൈൽസും ക്ഷയരോഗവും ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ നടുവേദനയുടെ കാര്യവും ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ അവർ അത് മുഖവിലക്കെടുത്തില്ലെന്ന് കാണിച്ചാണ് ഹർജി നൽകിയത്.
അതേസമയം, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരന്തരം ഇടപെടുന്നുണ്ടെന്നും മോദി പറഞ്ഞു.
Source link