കിംഗ്സ്റ്റൺ: കരീബിയൻ ദ്വീപുകളിൽ നാശംവിതച്ച ബെറിൽ ചുഴലിക്കൊടുങ്കാറ്റിൽ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി ജമൈക്കയുടെ തെക്കൻ തീരത്ത് കൊടുങ്കാറ്റ് വീശിയതോടെ പതിനായിരങ്ങൾക്കു വൈദ്യുതി ഇല്ലാതായി. കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റ് പ്രതീക്ഷിച്ചത്ര ആഘാതം ദ്വീപിലുണ്ടാക്കിയില്ലെന്നത് ആശ്വാസമായി. അതേസമയം, പന്ത്രണ്ടു മണിക്കൂറോളം കനത്ത മഴ പെയ്തത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിട്ടുണ്ട്. ജമൈക്കൻ അധികൃതർ ചുഴലിക്കൊടുങ്കാറ്റിനെതിരായ ജാഗ്രതാ നിർദേശം പിൻവലിച്ചു. ഇപ്പോൾ വെള്ളപ്പൊക്കത്തിനെതിരേ ജാഗ്രത പുലർത്തണമെന്നാണു നിർദേശിച്ചിരിക്കുന്നത്. വേഗം കുറഞ്ഞ് കാറ്റഗറി മൂന്നിലേക്കു താഴ്ന്ന ചുഴലിക്കൊടുങ്കാറ്റ് കേയ്മെൻ ദ്വീപിലേക്കും തെക്കൻ മെക്സിക്കോയിലേക്കും നീങ്ങാൻ തുടങ്ങിയെന്ന് അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ അറിയിച്ചു. ഗ്രനഡ, സെന്റ് വിൻസെന്റ്, നോർത്തേൺ വെനസ്വേല എന്നിവിടങ്ങളിൽ കാറ്റ് നാശം വിതച്ചിരുന്നു.
Source link