രാത്രി നാലു വന്പൻമാർ
സ്പെയിൻ Vs ജർമനി യുവേഫ യൂറോ കപ്പ് 2024 ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യൻ സമയം ഇന്നു രാത്രി 9.30ന് അരങ്ങേറുന്ന സ്പെയിൻ x ജർമനി ക്വാർട്ടർ. ടൂർണമെന്റിൽ മൊത്തത്തിലുള്ള ടീമുകളുടെ പ്രകടനം വിലയിരുത്തിയാൽ സ്പെയിൻ x ജർമനി മത്സരത്തെ ഫൈനലെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. കിരീടം ആർക്കെന്നു നിശ്ചയിക്കുന്ന പോരാട്ടമാണിതെന്നു വിലയിരുത്തുന്നവരും ഫുട്ബോൾ ലോകത്തുണ്ട്. രണ്ടു യുവതാരങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടം കൂടിയാകുമിത്. സ്പെയിനിന്റെ ലമെയ്ൻ യമാലും ജർമനിയുടെ യമാൽ മുസിയാലയും തമ്മിലുള്ള കൊന്പുകോർക്കലാണ് ഇന്നത്തെ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം. ഈ യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമുകളാണ് ജർമനിയും സ്പെയിനും. പ്രീക്വാർട്ടർവരെയുള്ള മത്സരങ്ങളിലായി ജർമനി 10ഉം സ്പെയിൻ ഒന്പതും ഗോൾ വീതം സ്വന്തമാക്കി. യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ ഇരുടീമും തമ്മിൽ നാലാം തവണയാണ് ഏറ്റുമുട്ടുന്നത്. പോർച്ചുഗൽ Vs ഫ്രാൻസ് സൂപ്പർ താരങ്ങളായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ കിലിയൻ എംബപ്പെയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് അർധരാത്രി 12.30ന് അരങ്ങേറുക. പെരുമയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ ഫ്രാൻസിന് ഇതുവരെ സാധിച്ചിട്ടില്ല. യൂറോയിൽ ഇത്തവണ ഫ്രാൻസ് ജയിച്ചതെല്ലാം സെൽഫ് ഗോളിലായിരുന്നു എന്നതാണ് പരിതാപകരം, ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയയ്ക്കെതിരേയും (1-0) പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരേയും (1-0). ഫ്രാൻസിന് ഈ യൂറോയിൽ ഒരു ഫീൽഡ് ഗോൾ നേടാൻ സാധിച്ചില്ല. അതുപോലെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും. ഈ യൂറോയിൽ ഇതുവരെ 66 ഷോട്ട് ഫ്രഞ്ച് ടീം പായിച്ചു. ഒരു തവണപോലും ഗോൾ പിറന്നില്ല. 2024 യൂറോയിൽ ഷോട്ട് പായിച്ചതിൽ ഒന്നാം സ്ഥാനത്താണ് റൊണാൾഡോ (20). എന്നിട്ടും റൊണാൾഡോയുടെ ഗോളിനായുള്ള ആരാധക കാത്തിരിപ്പു നീളുന്നു. യുവേഫ യൂറോ കപ്പിൽ ഫ്രാൻസും പോർച്ചുഗലും നേർക്കുനേർ ഇറങ്ങുന്ന അഞ്ചാം മത്സരമാണിത്. അവസാനം ഇരുടീമും ഏറ്റുമുട്ടിയ രണ്ടു മത്സരത്തിലും പോർച്ചുഗൽ തോൽവി നേരിട്ടിട്ടില്ല, 2016 ഫൈനലിൽ 1-0ന്റെ ജയവും 2020 ഗ്രൂപ്പ് ഘട്ടത്തിൽ 2-2 സമനിലയും. ആദ്യരണ്ട് ഏറ്റുമുട്ടലിലും ഫ്രാൻസിനായിരുന്നു ജയം, 1984ൽ 3-2ഉം 2000ൽ 2-1ഉം.
Source link