ആലപ്പുഴ: മാന്നാർ കല കൊലക്കേസിലെ പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കലയെ കൊല്ലാൻ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണമെന്നുമൊക്കെയാണ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
2009ൽ പെരുമ്പുഴ പാലത്തിൽവച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. ഭർത്താവ് അനിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് മൃതദേഹം കുഴിച്ചുമൂടി, പ്രതികൾ തെളിവ് നശിപ്പിച്ചെന്നും പൊലീസ് പറയുന്നു. ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലപാതകം കൂടാതെ തെളിവ് നശിപ്പിക്കൽ കുറ്റവും ചുമത്തിയിട്ടുണ്ട്.
കേസിൽ അനിലിന്റെ സഹോദരീ ഭർത്താവ് സോമരാജൻ, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ്‌കുമാർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.
15 വർഷം മുൻപാണ് ചെന്നിത്തല പായിക്കാട്ട് മീനത്തേതിൽ ചെല്ലപ്പൻ – ചന്ദ്രിക ദമ്പതികളുടെ മകൾ കലയെ മാന്നാറിൽ നിന്ന് കാണാതാകുന്നത്. അന്ന് മകന് ഒരു വയസ് മാത്രമായിരുന്നു പ്രായം. ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്പള്ളിൽ അനിലാണ് ഭർത്താവ്. കലയെ കാണാതായതിന് പിന്നാലെ ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. കലയെ കണ്ടെത്താനെന്ന പേരിൽ പലയിടത്തും ചുറ്റിക്കറങ്ങി. ഇതിനിടെ കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റാർക്കോ ഒപ്പം ഒളിച്ചോടിയെന്നാണ് അനിൽ പ്രചരിപ്പിച്ചത്. പിന്നീട് അനിൽ രണ്ടാമത് വിവാഹം കഴിച്ചു. അവരുടെ ഒപ്പമാണ് ഇപ്പോൾ കലയുടെ മകൻ താമസിക്കുന്നത്.
Source link