ചരിത്രജയത്തിലേക്ക് ലേബർ പാർട്ടി

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷം നീണ്ട ഭരണം അവസാനിക്കുമെന്നു കരുതുന്ന തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് ജനത വിധിയെഴുതി. ലേബർ പാർട്ടി റിക്കാർഡ് ഭൂരിപക്ഷം നേടുമെന്നും പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമർ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ കൺസർവേറ്റീവ് പാർട്ടി വൻ തകർച്ച നേരിടുമെന്നാണ് അഭിപ്രായ സർവേകളുടെ പ്രവചനം. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവ ഉൾപ്പെടുന്ന യുണൈറ്റഡ് കിംഗ്ഡത്തിലെ 650 സീറ്റുകളിലേക്ക് ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തുവരെ നീണ്ടു. പ്രധാനമന്ത്രി സുനാക് ഇന്നലെ രാവിലെ വടക്കൻ ഇംഗ്ലണ്ടിലെ സ്വന്തം മണ്ഡലമായ റിച്ച്മണ്ഡ് ആൻഡ് നോർത്തലേർട്ടണിൽ വോട്ട് രേഖപ്പെടുത്തി; കീർ സ്റ്റാർമർ വടക്കൻ ലണ്ടനിലെ സ്വന്തം മണ്ഡലത്തിലും. വർഷങ്ങൾ നീണ്ട ഭരണത്തിനൊടുവിൽ കൺസർവേറ്റീവുകൾക്കു ജനം വലിയ ശിക്ഷ കൊടുക്കുമെന്നാണു പറയുന്നത്. കൺസർവേറ്റീവുകൾ 127 സീറ്റുകളിൽ ഒതുങ്ങുമെന്നും മന്ത്രിമാർ അടക്കം പരാജയപ്പെട്ടേക്കുമെന്നും ആശങ്കയുണ്ട്. പ്രധാനമന്ത്രി സുനാക്കും തോറ്റേക്കാം. സീറ്റ് നിലനിർത്താൻ കഴിയാത്ത ആദ്യ പ്രധാനമന്ത്രിയെന്ന കുപ്രസിദ്ധിയായിരിക്കും സുനാക്കിനുണ്ടാകുക. ലേബറുകൾക്ക് കുറഞ്ഞത് 430 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. 1997ൽ, മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ നേടിയ 418 സീറ്റുകളാണ് ഇതിനു മുന്‍പത്തെ ലേബറിന്റെ ഏറ്റവും വലിയ ജയം.
Source link