മലപ്പുറം: 140 കിലോഗ്രാം മായം കലർന്ന ചായപ്പൊടി പിടിച്ചെടുത്തു. മലപ്പുറം വേങ്ങൂരിലാണ് സംഭവം. വേങ്ങൂർ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് ചായപ്പൊടി കണ്ടെടുത്തത്.
ചായയ്ക്ക് കടുപ്പം കിട്ടാൻ വേണ്ടിയാണ് ചായപ്പൊടിയിൽ മായം കലർത്തിയതെന്നാണ് സൂചന. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അയച്ചു. ആഷിഖിന്റെ ചെറുകിട സംരംഭമാണ് ഇതെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തുവിട്ടിട്ടില്ല.
തട്ടുകടകളിലെ ചായയുടെ നിറത്തിലും കടുപ്പത്തിലുമുള്ള വ്യത്യാസം ഭക്ഷ്യ സുരക്ഷാ വകുപ്പിലെ അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതാണ് അന്വേഷണത്തിന് തുടക്കമിട്ടത്. തട്ടുകടക്കാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ചായപ്പൊടി വിൽപ്പനക്കാരനായ വേങ്ങര സ്വദേശി അനസിനെ പിടികൂടി. ഇയാളുടെ കെെവശത്ത് നിന്ന് 50കിലോ ചായപ്പൊടി പിടിച്ചെടുത്തിട്ടുണ്ട്. തുടർന്നാണ് ആഷിക്കിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പരിശോധനയിൽ യന്ത്ര സാമഗ്രികൾ ഉപയോഗിച്ചാണ് ഇയാൾ ചായപ്പൊടിയിൽ മായം ചേർക്കുന്നതെന്ന് കണ്ടെത്തി.
ബ്രാൻഡഡ് ചായപ്പൊടികളുടെ പകുതി വിലയ്ക്കാണ് മായം ചേർത്ത ചായപ്പൊടികൾ വിൽക്കുന്നത്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം വന്ന ശേഷം ആഷിക്കിനും അനസിനുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. മറ്റ് സ്ഥലങ്ങളിലും ചായപ്പൊടിയിൽ മായം ചേരുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.
Source link