മഹാരാജാവല്ല മുഖ്യമന്ത്രിയാണെന്ന് വി ഡി സതീശൻ; മറുപടിയുമായി പിണറായി

തിരുവനന്തപുരം: നിയമസഭയിൽ നേർക്കുനേർ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും. എസ്എഫ്ഐയുടെ അതിക്രമങ്ങൾക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചശേഷം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഇരുവരും തമ്മിൽ വാക്‌പോര് ഉണ്ടായത്. താങ്കൾ മഹാരാജാവല്ല മുഖ്യമന്ത്രിയാണെന്ന് വി ഡി സതീശൻ പറഞ്ഞപ്പോൾ താൻ മഹാരാജാവല്ല ജനങ്ങളുടെ ദാസനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
‘നിങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. നവകേരളസദസിൽ യാത്ര ചെയ്തപ്പോൾ മഹാരാജാവായി നിങ്ങൾക്ക് തോന്നി. എന്നാൽ നിങ്ങൾ മഹാരാജാവല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്’ എന്നാണ് വി ഡി സതീശൻ പറഞ്ഞത്.
തുടർന്ന് വി ഡി സതീശന്റെ പ്രസംഗത്തിൽ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞു. ‘ഞാൻ മഹാരാജാവൊന്നുമല്ല, ഞാൻ ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളോടൊപ്പമാണ് നിന്നിട്ടുള്ളത്. ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യും. ജനങ്ങളുടെ കൂടെയാണ് അവരുടെ ദാസനാണ്’,- എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.
മുഖ്യമന്ത്രി മറുപടി പറഞ്ഞതിന് പിന്നാലെ വി ഡി സതീശൻ മഹാരാജാവല്ല മുഖ്യമന്ത്രിയാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചു. സിദ്ധാർത്ഥന്റെ മരണമുണ്ടായപ്പോൾ ഇത്തരത്തിൽ ഒരു സംഭവം ഇനി ആവർത്തിക്കില്ലെന്നാണ് കേരള മനസാക്ഷി വിചാരിച്ചത്. എന്നാൽ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. കാര്യവട്ടം ക്യാമ്പസിലെ ഇരുണ്ട മുറിയിൽ കൊണ്ടുപോയി വിചാരണ നടത്തി. ആശുപത്രിയിൽ കൊണ്ടുപോകാതെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരെയും തല്ലിക്കൊല്ലാനുള്ള ലെെസൻസ് എസ്എഫ്ഐയ്ക്ക് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നൽകുന്നത് ജനം വിലയിരുത്തട്ടേയെന്നും സതീശൻ പറഞ്ഞു.
‘നെറികെട്ട രാഷ്ട്രീയത്തിന്റെ ഇൻക്യുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടാപട നിങ്ങളെയും കൊണ്ടേ പോകുകയുള്ളൂ. കൊയിലാണ്ടി കോളേജിൽ പ്രിൻസിപ്പലിനെ വരെ എസ്എഫ്ഐ ആക്രമിച്ചു. പ്രിൻസിപ്പിളിന്റെ കാൽ കൊത്തിയെടുക്കുമെന്നാണ് എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറി പറഞ്ഞത്’, അദ്ദേഹം ആരോപിച്ചു.
ഇത് കേരളമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ ചോദ്യത്തോട് ഭരണപക്ഷം സഭയിൽ ബഹളം ഉണ്ടാക്കി. പിന്നാലെ പ്രതിപക്ഷാംഗങ്ങളും സീറ്റിൽ നിന്ന് എഴുന്നേറ്റു. 29 വർഷം സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയിൽ പ്രവർത്തിച്ച ആളാണ് എസ്എഫ്‌ഐയുടെ അതിക്രമം മൂലം ബിജെപിയിലെത്തിയത്. അവരായിരുന്നു ആലത്തൂരിലെ സ്ഥാനാർത്ഥിയെന്നും സതീശൻ പറഞ്ഞു. ബഹളമായതോടെ സ്പീക്കർ ഇടപെട്ടു. ഇതോടെ മുഴുവൻ പറഞ്ഞിട്ടെ പോകുവെന്ന് വിഡി സതീശൻ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്‌ഐയെ നിയന്ത്രിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു.
Source link