KERALAMLATEST NEWS

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരിക്കൂർ സിക്ബാ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനി എടയന്നൂർ ഹഫ്സത്ത് മൻസിലിൽ ഷഹർബാനയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ഇന്നലെ ഇരിട്ടി, പേരാവൂർ, തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ എന്നീ അഗ്നിരക്ഷാ നിലയങ്ങളിലെ സ്‌കൂബാ സംഘം വിവിധ മേഖലകളായി തിരിഞ്ഞ് പഴശ്ശി അണക്കെട്ട് വരെയുള്ള ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. ചെന്നൈയിൽ നിന്നും എൻ.ഡി.ആർ.എഫിന്റെ മുപ്പതംഗ സംഘം സന്ധ്യയോടെ സ്ഥലത്തെത്തിയിരുന്നു. ഇവർ ഇന്ന് പുലർച്ച ആറ് മണിയോടെ തെരച്ചിൽ ആരംഭിച്ചിരുന്നു.

അപകടസ്ഥലത്തേക്ക് ജനപ്രവാഹം

അപകടത്തിൽപ്പെട്ട വിദ്യർത്ഥിനികളുടെ നാടുകളിൽ നിന്നും അപകടമേഖലയിലേക്ക് ഇന്നലെ രാവിലെ മുതൽ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ജനപ്രതിനിധികളുടെയും വലിയ നിരതന്നെ സംഭവസ്ഥലത്ത് എത്തി. കെ.സുധാകരൻ എം പി, സണ്ണി ജോസഫ് എം.എൽ.എ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി, ഇരിട്ടി നഗരസഭാ ചെയർ പേഴ്സൺ കെ.ശ്രീലത, വൈസ്.ചെയർമാൻ പി.പി.ഉസ്മാൻ, സി.പി.എം ജില്ലാ സെക്രട്ടരി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, മുൻ ആന്തൂർ സഗരസഭാ ചെയർപേഴ്സൺ പി.കെ.ശ്യാമള, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി തുടങ്ങിയവരെല്ലാം സ്ഥലത്തെത്തിയിരുന്നു. എ.ഡി.എമ്മിനെ കൂടാതെ ഇരിട്ടി തഹസിൽദാർ വി.എസ്. ലാലി മോൾ, ഡെപ്യൂട്ടി തഹസിൽദാർമാരായ സിജോയി.കെ.പോൾ, എൻ.കെ. മനോജ്, പടിയൂർ , പായം , വില്ലേജ് ഓഫീസർമാർ, ഇരിക്കൂർ, ഇരിട്ടി പൊലീസ് സ്‌റ്റേഷൻ ഓഫീസർമാർ എന്നിവരും രക്ഷാ പ്രവർത്തനത്തിന്റെ ഏകോപനത്തിനായി എത്തിയിരുന്നു.


Source link

Related Articles

Back to top button