തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്താൻ എത്തിയ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ വഴിയിൽ കുത്തിയിരുന്ന് മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. മന്ത്രിയുടെ സന്ദർശനം പ്രഹസനമാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം.
മുതലപ്പൊഴിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടന്നിരുന്നു. ഈ യോഗം കഴിഞ്ഞ് മന്ത്രി പുറത്തേക്ക് വന്നപ്പോഴായിരുന്നു പ്രതിഷേധം. യോഗത്തിൽ അനുകൂല തീരുമാമുണ്ടായില്ലെന്നുംമന്ത്രിയെ കാണാൻ കോൺഗ്രസ് പ്രവർത്തകരെ അനുവദിച്ചില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. വിഷയങ്ങളിൽ മന്ത്രി കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും ആലോചിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. കഴിഞ്ഞ മാസം രണ്ട് അപകടങ്ങളിലായി ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ വള്ളത്തിന്റെ എൻജിൻ,വല,മീൻ എന്നിവയെല്ലാം നഷ്ടമായി. 16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. അധികാരികളുടെ അനാസ്ഥമൂലം മുതലപ്പൊഴി മരണപ്പൊഴിയായി മാറിയെന്നാണ് ആക്ഷേപം. 2006ൽ പുലിമുട്ട് നിർമ്മാണം പൂർത്തിയായശേഷം ഇതുവരെ എണ്ണമറ്റ അപകടങ്ങളിൽ 70ലേറെ മത്സ്യത്തൊഴിലാളികൾ മരിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്.
Source link