ആശുപത്രി ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ചു; 38 സ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ
കാസർകോട്: ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. സ്‌കൂളിന് സമീപത്തെ കാഞ്ഞങ്ങാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച 38 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
പുക ശ്വസിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികൾക്ക് തലകറക്കവും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 38 പേരിൽ 20 കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ബാക്കിയുള്ള 18 പേരിൽ അഞ്ചുപേർ ജില്ലാ ആശുപത്രിയിലും 13 പേർ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ ഓക്‌സിജൻ അളവിൽ വ്യതിയാനം കണ്ടെത്തിയതിനാലാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല.
കുട്ടികളുടെ ക്ളാസ് മുറിക്ക് സമീപത്തായാണ് ആശുപത്രിയിലെ ജനറേറ്റർ സ്ഥാപിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സബ് കലക്ടർ സുഫിയാൻ അഹമ്മദ് സ്ഥലത്തെത്തി. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്‌കൂളിലേയ്ക്ക് പുക പകരാൻ കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത് ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതുകൊണ്ടാണെന്ന് ടെക്‌നിക്കൽ സംഘം ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോർട്ട് നൽകി.
Source link